റെയിൽവേ സ്റ്റേഷന് കോർപറേഷൻ പിഴ ചുമത്തും
തൃശൂർ കക്കൂസ് മാലിന്യവും ജൈവ-–-അജൈവ മാലിന്യങ്ങളും കൃത്യമായി സംസ്കരിക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിലും ക്വാർട്ടേഴ്‌സിലും സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. മുൻസിപ്പൽ ആക്ട് പ്രകാരം കോർപറേഷന്റെ ആരോഗ്യ വിഭാഗം ഉടൻ റെയിൽവേ സ്റ്റേഷന് പിഴ ചുമത്തും. തിങ്കളാഴ്ച മേയർ എം കെ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ജൈവ–-- അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ല. കക്കൂസ് മാലിന്യം വഞ്ചിക്കുളത്തിനും എൽഡിസി കനാലിനും ഇടയിലുള്ള ചാലിലേക്ക് ഒഴുക്കിവിടുകയാണ്. റെയിൽവേ ക്വാർട്ടേഴ്സിൽ മാലിന്യസംസ്കരണം ഏത് രീതിയിലാണ് നടക്കുന്നത് എന്നതിലും വ്യക്തതയില്ല. അജൈവമാലിന്യ സംസ്കരണത്തിനായി ഹരിത കർമസേനയുമായി റെയിൽവേ ക്വാർട്ടേഴ്‌സിലെ താമസക്കാർ സഹകരിക്കുന്നില്ലെന്നും മേയർ പറഞ്ഞു. മാലിന്യം ഒഴുകുന്ന മാൻഹോളിന്റെ സ്ലാബ് തുറന്നു പരിശോധിച്ചപ്പോൾ അത് അടഞ്ഞു കിടക്കുകയാണ്. മാലിന്യ സംസ്കരണം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട് എന്നും അത് റെയിൽവേ പാലിക്കണമെന്നും മേയർ പറഞ്ഞു. Read on deshabhimani.com