കരുതലൊരുക്കാന്‍ പ്രളയ പ്രതിരോധ ഭൂപടം



തൃശൂർ  വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കേണ്ട പ്രദേശങ്ങൾ അടയാളപ്പെടുത്തിയ പ്രളയ പ്രതിരോധ ഭൂപടം ഒരുങ്ങി. തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രളയസാധ്യതയും ആഘാതവും വിലയിരുത്തിയ ഭൂപടം കാർഷിക സർവകലാശാലയാണ്‌ തയ്യാറാക്കിയത്‌.  അപകടസാധ്യത കൂടുതലുള്ള  പ്രദേശങ്ങളും ജനസമൂഹത്തെയും തിരിച്ചറിയുന്നതിലൂടെ, വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാന്‍ സർക്കാരുകൾക്കും വിവിധ ഏജന്‍സികള്‍ക്കും ഭൂപടം സഹായകമാകും. ഓരോ പ്രദേശത്തിന്റെയും സവിശേഷത, ജനസാന്ദ്രത,  അടിസ്ഥാന സൗകര്യം, ഭൂവിനിയോഗ രീതി, മുൻകാലങ്ങളിലെ വെള്ളപ്പൊക്കങ്ങൾ, സാമൂഹിക- സാമ്പത്തിക സാഹചര്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിശോധിച്ചാണ്‌ കാര്‍ഷിക സർവകലാശാലാ കാലാവസ്ഥ വ്യതിയാന–-പരിസ്ഥിതി സയൻസ്‌ കോളേജ്‌ ഡീൻ ഡോ. പി ഒ നമീറിന്റെ നേതൃത്വത്തിൽ ഭൂപടം തയ്യാറാക്കിയത്‌.   സര്‍ക്കാരിന്റെ 2021-–22 ലെ സ്റ്റേറ്റ് പ്ലാൻ ഫണ്ട്  ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഐഎസ്‌ആർഒ സാറ്റലെറ്റ്‌ മാപ്പ്‌ പ്രയോജനപ്പെടുത്തി കേരളത്തിൽ 2018–-22 വരെയുള്ള വെള്ളപ്പൊക്ക പ്രദേശങ്ങൾ സെൻസസ്‌ പ്രകാരം സാമൂഹ്യഘടന വിശകലനം ചെയ്‌താണ്  ഭൂപടം തയ്യാറാക്കിയതെന്ന് ഡോ. പി ഒ നമീർ പറഞ്ഞു.  ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നിങ്ങനെ പ്രാദേശിക  പ്രളയമാപ്പും തയ്യാറാക്കിയിട്ടുണ്ട്‌. ഇത് അതത് സ്ഥാപനങ്ങള്‍ക്ക് കൈമാറും. എല്ലാ ജില്ലകളിലും ഭൂപടം തയ്യാറാക്കും. പാടങ്ങൾ, പുഴകൾ, സാമൂഹിക സാമ്പത്തികമായി  ദുർബലരായ ജനവിഭാഗങ്ങൾ എന്നീ മേഖലകളില്‍ പ്രതിരോധ നടപടികള്‍ എടുക്കാനും  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഭൂപടം സഹായകമാകും. മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കി ദുരന്ത ആഘാതം കുറയ്ക്കാമെന്നും പഠനം വ്യക്തമാക്കുന്നു. Read on deshabhimani.com

Related News