മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തുന്നു
തൃശൂർ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സിന് ജില്ലയിൽ ഡിസംബർ നാലിന് തുടക്കം കുറിക്കും. നാലു മുതൽ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായാണ് നവകേരള സദസ്സുകൾ നടക്കുക. ജനങ്ങളുമായി സംവദിച്ച് പ്രശ്‌നങ്ങൾ നേരിട്ട് ചോദിച്ചറിയാൻ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. നാടിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനുമായി ഇതിനകം മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരസദസ്സുകൾ, മലയോര സദസ്സുകൾ, വന സദസ്സുകൾ, താലൂക്ക്തല അദാലത്തുകൾ, മേഖലാ അവലോകന യോഗങ്ങൾ എന്നിവയുടെ തുടർച്ചയാണ് നവകേരള സദസ്സുകൾ. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മന്ത്രിമാർ, എംഎൽഎമാർ മണ്ഡലംതല കോ–--ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത അവലോകനയോഗം ചേർന്നു. പരിപാടികൾ നടത്താൻ കണ്ടെത്തിയ വേദികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കും രൂപം നൽകി. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ ചെയർപേഴ്‌സൺമാരായും സെക്രട്ടറിമാർ കൺവീനർമാരുമായും കമ്മിറ്റികൾക്ക് രൂപം നൽകും. ഒക്ടോബർ 30നകം ബൂത്ത് തലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് യോഗങ്ങൾ ചേരും. നവംബർ 15ഓടെ വീട്ടുമുറ്റ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, ഇ ടി ടൈസൺ, കെ കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ വി ആർ കൃഷ്ണതേജ, കമീഷണർ അങ്കിത് അശോകൻ, റൂറൽ എസ്പി ഐശ്വര്യ ഡോങ്‌ഗ്രെ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com