കടലിൽ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു



കൊടുങ്ങല്ലൂർ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാന്റിങ്‌ സെന്ററില്‍ നിന്ന്‌ വെള്ളിയാഴ്ച മീൻപിടിത്തത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളമാണ് എൻജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്. എറിയാട് സ്വദേശി പോണത്ത്  അജയന്റേതാണ്‌ വള്ളം.   മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടെത്തിയാണ് രക്ഷിച്ചത്. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് എൻജിന്‍ നിലച്ചത്. രാവിലെ എട്ടിനാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നേതൃ‍ത്യത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ്‌ വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി എം ഷൈബു, വി എന്‍ പ്രശാന്ത്കുമാര്‍, ഇ ആര്‍ ഷിനില്‍കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, വിബിന്‍, ബോട്ട് സ്രാങ്ക് റസാക്ക് മുനക്കകടവ്, എൻജിന്‍ ഡ്രൈവര്‍ റഷീദ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും സൗജന്യമായാണ് സേവനമെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു. Read on deshabhimani.com

Related News