കരയില്‍ കാണാം കടലിലെ വിസ്മയക്കാഴ്ചകള്‍
തൃശൂർ കടലിലെ വിസ്മയക്കാഴ്ചകളുമായി പള്ളിത്താമം ഗ്രൗണ്ടിൽ മറൈൻ എക്സ്പോ. മത്സ്യകന്യകയുടെ വേഷമണിഞ്ഞ് നീന്തിത്തുടിക്കുന്ന ആറ് ഫിലിപ്പീൻസ് സ്ത്രീകളാണ് മേളയുടെ പ്രധാന ആകർഷണം. ഒരേ സമയം രണ്ടുപേരാണ് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അക്വേറിയത്തിൽ നീന്തിത്തുടിക്കുന്നത്. അന്റാർട്ടിക്കയിലെ കാഴ്ചകളും പ്രദർശനത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഒരു എക്സിബിഷനിലൂടെ അന്റാർട്ടിക്കൻ കാഴ്ചകൾ ഒരുക്കുന്നത്. ഐസ് ഗുഹകൾ, എട്ടുതരം പെൻഗ്വിനുകൾ, മാമോത്ത് എലിഫന്റ്, വേട്ട നായ്ക്കൾ, ഐസ് ടൈഗറുകൾ, പോളാർ കരടി എന്നിവയെയും കാണാം. സ്കൂബാ ഡൈവിങ്ങും അക്രേലിക് ടണൽ അക്വേറിയവുമാണ് മറ്റൊരു പ്രത്യേകത. ലക്ഷങ്ങൾ വിലവരുന്ന ആയിരത്തിലധികം മത്സ്യങ്ങൾ അക്വേറിയത്തിലുണ്ടാകും. വിവിധ വർണങ്ങളിലുള്ള ഡിസ്കസ്, ഷാർക്ക് എന്നിവയെ കാണാനും അവസരമുണ്ട്. 200 അടി നീളത്തിൽ അണ്ടർ വാട്ടർഅക്രിലിക് ഗ്ലാസ് ടണലും 400 അടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും പ്രദർശനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 12,000 ചതുരശ്രഅടി വിസ്തീർണത്തിൽ ഐസൈക്കിൾകേവ് ഒരുക്കിയിട്ടുണ്ട്. ഐസേജ് സിനിമയിലെ കഥാപാത്രങ്ങളായ ക്യാപ്റ്റൻ ഘട്ട്, സോട്ടോ, സിഡ്, എലി, ഡിറ്റോമാനി, ബക്ക്, സ്ക്രാക്ട് എന്നിവരെ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. അമ്യൂസ്മെന്റ് റൈഡുകളും മേളയുടെ ഭാഗമാണ്. ഫുഡ്കോർട്ടുകളും ഒരുക്കിയിട്ടുണ്ട്. എ ടു സെഡ് ഇവന്റ്സിന്റെയും ബംഗളൂരു ഫൺവേൾഡ് അമ്യൂസ്‌മെന്റ പാർക്കിന്റെയും നേതൃത്വത്തിലാണ് മറൈൻ എക്സ്പോ സംഘടിപ്പിക്കുന്നത്. ഞായറാഴ്ചയും അവധിദിവസങ്ങളിലും പകൽ 11 മുതൽ രാത്രി ഒമ്പതുവരെ പ്രദർശനം നടക്കും. മറ്റ് ദിവസങ്ങളിൽ പകൽ രണ്ടുമുതൽ ഒമ്പതുവരെ പ്രദർശനം നടക്കും. ജനു. 26ന് പ്രദർശനം സമാപിക്കും. Read on deshabhimani.com