കോൺഗ്രസ് ഗ്രൂപ്പ് പോര് പടരുന്നു; കുറ്റിക്കാട് ബാങ്ക് ഭരണത്തിലും പടലപ്പിണക്കം
ചാലക്കുടി കോൺഗ്രസിലെ ഗ്രൂപ്പ് പോര് ചാലക്കുടിയിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപിക്കുന്നു. കുറ്റിക്കാട് സഹകരണ ബാങ്ക് ഭരണത്തിലും പടലപ്പിണക്കം. പ്രസിഡന്റായിരുന്ന റോയ് ജോസഫ് രാജിവച്ചു. രാജി അംഗീകരിക്കാൻ ചേർന്ന യോഗത്തിൽനിന്ന് റോയ് ജോസഫും ലിൻസ് ജെയ്സണും വിട്ടുനിന്നു. യുഡിഎഫ് പക്ഷത്തുള്ള ജനതാദളിൽ ആയിരുന്ന റോയ് ജോസഫ് കോൺഗ്രസിൽ ചേരുകയായിരുന്നു. ഇതിന് റോയ് ജോസഫിന് നൽകിയ ഓഫറായിരുന്നു ഒരു വർഷത്തെ പ്രസിഡന്റ് പദവി. എന്നാൽ കൂറുമാറി വന്ന റോയിയെ പ്രസിഡന്റാക്കുന്നതിനെ അന്നുതന്നെ ഒരു വിഭാഗം എതിർത്തിരുന്നു. ഈ തർക്കമാണ് ഇപ്പോൾ രാജിയിൽ കലാശിച്ചത്. കോവിഡ്- 19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നീണ്ടുപോയേക്കും. മൂന്നോ നാലോ പേർ പ്രസിഡന്റാകാൻ തയ്യാറായി നില്പുണ്ട്. കരാർ കാലാവധിക്ക് മുമ്പേ പുകച്ച് പുറത്തുചാടിച്ച റോയ് ജോസഫും ചരടുവലികളുമായി രംഗത്തുണ്ട്. കോൺസിനകത്തെ ഗ്രൂപ്പ് തർക്കങ്ങൾ തുറന്ന പോരിലേക്ക് നീങ്ങുന്നു എന്നാണ് കുറ്റിക്കാട് ബാങ്ക് പ്രസിഡന്റിന്റെ രാജി അടക്കമുള്ള കാര്യങ്ങൾ തെളിയിക്കുന്നത്. Read on deshabhimani.com