വരുന്നു... ആമ്പല്ലൂർ ജങ്ഷനില്‍ അടിപ്പാത
ആമ്പല്ലൂര്‍ അപകടങ്ങളും അപകടമരണങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ അടിപാത നിര്‍മാണം ആരംഭിച്ചു. ദേശീയപാതയില്‍ അപകടനിരക്ക് കൂടിയതിനാല്‍ ആമ്പല്ലൂര്‍ ബ്ലോക്ക് സ്‌പോട്ടില്‍ ഉള്‍പ്പെട്ടിരുന്നു. നിര്‍മാണം പൂര്‍ത്തിയായാല്‍ ദേശീയപാതയിലെ വാഹനങ്ങള്‍ക്ക് സിഗ്നല്‍ ഒഴിവാകും. ഇതോടെ അപകടങ്ങള്‍ കുറക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ കണക്കുക്കൂട്ടല്‍. വരന്തരപ്പിള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് തൃശൂര്‍ ഭാഗത്തേക്ക് ദേശീയപാതയുടെ അടിയിലൂടെയാകും പ്രവേശിക്കുക. വാഹന സാന്ദ്രത കണക്കിലെടുത്ത് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍വീസ് റോഡിന് അല്‍പം വീതി വര്‍ധിപ്പിക്കും. ആറര മീറ്റര്‍ വീതിയുണ്ടാകുമെന്നാണ് പുതിയ കണക്ക്. ദേശീയപാതയിലെ വാഹനങ്ങള്‍ ആമ്പല്ലൂര്‍ ജങ്‌ഷനില്‍ മേല്‍പാതയിലൂടെയാകും കടന്നുപോവുക. ബ്ലാക്ക് സ്‌പോട്ടുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദേശീയപാത 544ല്‍ 11 ഇടങ്ങളില്‍ അടിപാതകള്‍ നിര്‍മിക്കുന്നതിന് 383 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. അടുത്തിടെ ആമ്പല്ലൂര്‍ ജങ്‌ഷനില്‍ അപകടനിരക്ക് വര്‍ധിച്ചിരുന്നു. ഏതാനും പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസവും ആമ്പല്ലൂര്‍ സിഗ്നലിലുണ്ടായ അപകടത്തില്‍ ഒരു ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. ദേശീയ പാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി തൃശൂർ എംപി യുടെയും കെ കെ രാമചന്ദ്രൻ എംഎൽഎ യുടെയും സാന്നിധ്യത്തിൽ തൃശൂരിൽ നടന്ന യോഗത്തിൽ ഏതാനും നിർദേശങ്ങളും ഉരുത്തിരിഞ്ഞിരുന്നു. ഇവ കൂടി കണക്കിലെടുത്താണ് അടിപ്പാത നിർമാണം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ അപകടങ്ങള്‍ക്കും അറുതിയാകുമെന്നാണ് കരുതുന്നത്. 2025 സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read on deshabhimani.com