ചരിത്ര ചുവട്
തൃശൂർ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി വീട് എന്ന സ്വപ്‌നത്തിലേക്ക് തൃശൂർ കോർപറേഷൻ. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കോർപറേഷൻ എന്ന ലക്ഷ്യത്തിനായി ‘എനിക്കും കോർപറേഷനിൽ ഭൂമിയുണ്ട്, വീടുണ്ട്, മേൽവിലാസമുണ്ട്’ പദ്ധതിയുടെ ആദ്യഘട്ടമായി ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറി. മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്ത് കോർപറേഷൻ വാങ്ങിയ 16.50 ഏക്കർ ഭൂമിയിൽ നിന്ന് 231 ഭൂ, ഭവന രഹിതർക്ക് മൂന്ന് സെന്റ് ഭൂമിയുടെ രേഖാ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ആർ ബിന്ദു മേയറായിരിക്കെയാണ് കോർപറേഷൻ മാറ്റാംപുറത്ത് ഭൂമി വാങ്ങിയത്. ഈ ഭൂമിയിൽ ഉപഭോക്താക്കൾക്ക് കോർപറേഷൻ തന്നെ വീട് നിർമിച്ച് നൽകും. പ്രദേശം ഉപഗ്രഹ ടൗൺഷിപ്പാക്കി വികസിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് കോർപറേഷൻ നേതൃത്വത്തിൽ ഇത്തരം പദ്ധതി. ലൈഫ് പദ്ധതിയിൽ നാല് ലക്ഷം വീതം ചിലവിട്ട് കോർപറേഷൻ നേരിട്ട് വീട് നിർമിച്ച് നൽകും. സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സിഎസ്‌ആർ ഫണ്ട് കൂടി ഉപയോഗിക്കും. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ലഭ്യമാക്കും. കച്ചവട സമുച്ചയം, സിനിമാ തിയറ്റർ, അങ്കണവാടി, കമ്യൂണിറ്റി ഹാൾ, ജിംനേഷ്യം, ഫുട്‌ബോൾ ഗ്രൗണ്ട്, സ്‌ത്രീകൾക്ക് കളിക്കാനുള്ള പ്രത്യേക ഇടം തുടങ്ങിയ സൗകര്യങ്ങളും വിഭാവനം ചെയ്‌തിട്ടുണ്ട്. എല്ലാവർക്കും ഭുമിയും വീടും നൽകാൻ വിവിധ ഘട്ടങ്ങളിലായി കോർപറേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു. 2017ലും 2020ലും പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 131 പേർക്ക് പട്ടിക ജാതി വകുപ്പ് മുഖേന ഭൂമി വാങ്ങാൻ ധനസഹായം നൽകി. 2017ൽ പ്രസിദ്ധീകരിച്ച ഭൂ–-ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 പേർക്കാണ് മാറ്റാംപുറത്ത് മൂന്നു സെന്റ് വീതം നൽകുന്നത്. 2020ലെ ലൈഫ് പട്ടികയിൽ 1717 പേരാണ് ഭൂ–-ഭവനരഹിതരായുള്ളത്. ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, പി ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, സാറാമ്മ റോബ്‌സൺ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ വി ആന്റണി എന്നിവർ സംസാരിച്ചു. Read on deshabhimani.com