പി വി അൻവറിന് ലീഗ് ഓഫീസിൽ സ്വീകരണം



ചേലക്കര പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വാക്ക്പോര് നടത്തുന്ന ഡിഎംകെ നേതാവ് പി വി അൻവർ എംഎൽഎക്ക് മുസ്ലീംലീഗ് ഓഫീസിൽ സ്വീകരണം. ചേലക്കര മണ്ഡലത്തിലെ  ദേശമംഗലം പഞ്ചായത്തിലെ  പള്ളം മേഖലാ കമ്മിറ്റി ഓഫീസിലാണ്   ചൊവ്വാഴ്ച  അൻവറിന് സ്വീകരണം നൽകിയത്. ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറും കൂടെയുണ്ടായിരുന്നു. ഏറെനേരം ലീഗ് ഓഫീസിൽ ചെലവഴിച്ചശേഷമാണ്‌ അൻവർ മടങ്ങിയത്‌.  ലീഗ് നേതാവും ദേശമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അൻവറുമായി ലീഗ് നേതാക്കൾ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു. മുൻ കെപിസിസി സെക്രട്ടറിയും നേരത്തേ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായിരുന്ന  എൻ കെ സുധീർ വോട്ട് ചോദിച്ച് മണ്ഡലത്തിൽ പര്യടനം തുടരവേയാണ് ലീഗിന്റെ സ്വീകരണം. വരവൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ തിരുവില്വാമല പഞ്ചായത്തിലെ കോൺഗ്രസ്‌ നേതാവ് രമേശിന്റെ നേതൃത്വത്തിലുള്ളവർ ഡിഎംകെയിൽ ചേർന്നിരുന്നു.  കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിപ്പിച്ച് എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ്  അൻവറിന്റെ ആവശ്യം. ഇതിനെ പരിഹസിച്ച് തള്ളിയ വി  ഡി സതീശനെതിരെ കടുത്ത വിമർശമാണ് അൻവർ ഉയർത്തിയത്. മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ അൻവറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അൻവറിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. Read on deshabhimani.com

Related News