ഗുരുവായൂര്‍ ഏകാദശി ഡിസംബർ 11ന്



ഗുരുവായൂർ ഏകാദശി ഡിസംബർ 11 ന് ആഘോഷിക്കും. ഏകാദശി ദിനത്തിലെ ചുറ്റുവിളക്ക് ദേവസ്വം വകയാണ്. ഏകാദശി നാളിൽ ക്ഷേത്ര ദർശനത്തിന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കും. രാവിലെ ആറുമുതൽ  പകൽ രണ്ടുവരെ വിഐപി, സ്പെഷ്യൽ ദർശനം എന്നിവ അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‌ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ ക്യൂ സംവിധാനം  രാവിലെ അഞ്ചിന് അവസാനിപ്പിക്കും. ഏകാദശിയുടെ ഭാ​ഗമായി പ്രത്യേക മേളത്തിന് പ്രമുഖരെത്തും. രാവിലെ ശീവേലി മേളം ഗുരുവായൂർ ശശിമാരാരും  സംഘവും  അവതരിപ്പിക്കും. ഉച്ചയ്ക്ക് കാഴ്ച ശീവേലിക്ക്, പഞ്ചവാദ്യത്തിന്  - കുനിശ്ശേരി അനിയൻ മാരാരും  - കലാമണ്ഡലം നടരാജ വാര്യരും നേതൃത്വം നൽകും.  സന്ധ്യക്ക്‌ നടക്കുന്ന തായമ്പകയ്‌ക്ക്  - ഗുരുവായൂർ ഗോപനാണ് നേതൃത്വം. രാത്രി വിളക്ക് മേളത്തിന്  - കക്കാട് രാജപ്പൻ മാരാർ പ്രമാണികത്വം വഹിക്കും. രാവിലെ ഒമ്പതിന്  ശ്രീപാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള പഞ്ചവാദ്യം - പല്ലശ്ശന മുരളി മാരാരും കലാമണ്ഡലം ഹരി നാരായണനും നയിക്കും.  ഏകാദശി പ്രസാദ ഊട്ടിനും പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ ഒമ്പതിന്‌ തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി പകൽ രണ്ടിന്    അവസാനിപ്പിക്കും. ക്ഷേത്രം അന്നലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്. പ്രസാദ ഊട്ടിന്റെ  വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിങ്‌ റോഡിലേക്കും ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടർ റിങ്‌ റോഡിലേക്കും ക്രമീകരിക്കും. പ്രസാദ ഊട്ട് നൽകാൻ പ്രാവീണ്യമുള്ള  120  പേരെ നിയോഗിക്കും.    ദശമി നാളായ ഡിസംബർ 10ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണ ദിനം ആചരിക്കും. ചെമ്പൈ സം​ഗീതോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ പഞ്ചരത്ന കീർത്തനാലാപനവും അരങ്ങേറും. ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ ഒമ്പതിനാണ് നൂറിലധികം  പ്രമുഖർ ഒരേസമയം  പങ്കെടുക്കുന്ന പഞ്ചരത്നകീർത്തനാലാപനം. ഏകാദശി ദിവസം രാത്രി, ചെമ്പൈക്ക്  ഏറ്റവും പ്രിയപ്പെട്ട അഞ്ച്‌ കൃതികളുടെ ആലാപനത്തോടെയാണ് സം​ഗീതോത്സവം സമാപിക്കുക.  തുടർന്ന് അണിയറ പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണം നടക്കും. ചെമ്പൈ സംഗീതോത്സവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ വഴിയും  ആകാശവാണി ദൂരദർശനിലൂടെയും സംപ്രേഷണം ചെയ്യും. Read on deshabhimani.com

Related News