മേളവസന്തത്തിൽ പൂക്കാൻ ഇലഞ്ഞിയും ഒരുങ്ങി

വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇലഞ്ഞി


തൃശൂർ  പൂരപ്രേമികളോടൊപ്പം മേളപ്പെരുക്കത്തിന്‌ കാതോർത്ത്‌ വടക്കുന്നാഥനിലെ ഇലഞ്ഞിയും ഒരുങ്ങി. തകൃത തകൃതയുടെ കൊടുമ്പിരിയിൽ ആയിരമായിരം കൈകൾ ആകാശത്തേക്കുയരുന്നതോടെ  മേളഗർജനത്തിൽ ഇലഞ്ഞിയും താളം പിടിക്കും. ഇക്കൊല്ലം 226–-ാമത്‌ ഇലഞ്ഞിത്തറ മേളത്തെ സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണ്‌ ഇലഞ്ഞിയും പൂരപ്രേമികളും തട്ടകക്കാരും. തൃശൂർ പൂരത്തിന്റെ മുഖ്യ പങ്കാളിയായ പാറമേക്കാവ്‌ വിഭാഗക്കാരുടെ വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനകത്തെ പാണ്ടിമേളമാണ്‌ ഇലഞ്ഞിത്തറ മേളം. പൂരപ്രേമികളുടെ ഹൃദയങ്ങളിലേക്ക് കുളിർമഴപോലെയാണ്‌ ഇലഞ്ഞിത്തറ മേളം പെയ്തിറങ്ങാറ്‌‌. വിദേശികളടക്കം നിരവധിപേർ മേളം ആസ്വദിക്കാനെത്താറുണ്ട്‌. ഇപ്പോഴത്തെ ഇലഞ്ഞിമരത്തിന്‌ പ്രായം ഇരുപത്തിരണ്ടാണ്‌. പഴയ ഇലഞ്ഞിമരം 2000ലെ മഴക്കാലത്ത്‌ കടപുഴകി വീണിരുന്നു. പിന്നീടാണ്‌ ഇപ്പോഴത്തെ മരം വച്ചുപിടിപ്പിച്ചത്‌. 22 വർഷംകൊണ്ട്‌ ഇലഞ്ഞി വളർന്നുവലുതായി. മുന്നൂറോളം കലാകാരന്മാരാണ്‌ പാണ്ടിയുടെ പെരുക്കത്തിനായി ഇലഞ്ഞിയുടെ ചുവട്ടിൽ അണിനിരക്കുക. Read on deshabhimani.com

Related News