കടൽക്ഷോഭത്തിലും കടപുഴകാതെ മിയാവാക്കി വനം

മുനയ്ക്കൽ ബീച്ചിലെ മിയാവാക്കി വനം


തൃശൂർ   കടലാക്രമണത്തെ  അതിജീവിച്ച്‌ മിയാവാക്കി വനം.  മുനയ്‌ക്കൽ ബീച്ചിൽ തീർത്ത മിയാവാക്കി വനമാണ്‌ കടലാക്രമണത്തിലും കടപുഴകാതെ നിന്നത്‌.    ഒരു വർഷം പൂർത്തിയാക്കുന്ന ഈ ചെറുവനത്തിലെ 3250 ചെടികളിൽ ഇരുപതെണ്ണം മാത്രമാണ്‌  കടപുഴകിയത്‌. പൂർണമായും നശിച്ചത്‌ അഞ്ചെണ്ണം.  2020 മെയ്‌ 15 നാണ്‌ മുസിരിസ്‌ പദ്ധതിയ്‌ക്കു കീഴിൽ  മുനയ്‌ക്കൽ പാർക്കിൽ മിയാവാക്കി മാതൃകാ വനവൽക്കരണം നടത്തിയത്‌. കേരള ഡെവലപ്പ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ-ഡിസ്‌ക്‌) കേരളത്തിലുടനീളം മിയാവാക്കി മാതൃകാ വനം സൃഷ്‌ടിച്ചതിന്റെ ഭാഗമായാണ്‌ മുനയ്‌ക്കലിലും വനം തീർത്തത്‌. 20 സെന്റ്‌ സ്ഥലത്തായിരുന്നു വനമാതൃക നട്ടുപിടിപ്പിച്ചത്‌. കടലിനു വളരെ അടുത്ത്‌ ചൊരിമണലിൽ ജൈവവളങ്ങളും ചകരിച്ചോറും ഉമിയും മറ്റും പ്രത്യേക അനുപാതത്തിൽ ചേർത്താണ്‌ ചെടികൾ നട്ടത്‌. 12 മാസം കൊണ്ട്‌ പകുതിയിലധികം ചെടികളും 12 മുതൽ 15 വരെ അടിയിൽ അധികം ഉയരം വച്ചു. കഴിഞ്ഞയാഴ്‌ചയുണ്ടായ കാറ്റിലും കടലാക്രമണത്തിലും കടൽ വെള്ളം ബീച്ചും പാർക്കും കടന്ന്‌ റോഡിലെത്തി. എന്നാൽ മിയാവാക്കി മാതൃകാ വനത്തിന്‌  കുറച്ചു നാശനഷ്‌ടങ്ങളേ സംഭവിച്ചുള്ളൂ. നേച്ചേഴ്‌സ്‌ ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, കൾച്ചർ ഷോപ്പി, ഇൻവിസ്‌ മൾട്ടിമീഡിയ  എന്നിവയുടെ കൺസോർഷ്യമാണ്‌  വനം വച്ചുപിടിപ്പിച്ചത്‌. Read on deshabhimani.com

Related News