സി കൃഷ്ണവിലാസം ലൈബ്രറി @110

സി കൃഷ്ണവിലാസം ലൈബ്രറി


ഏങ്ങണ്ടിയൂർ  തീരദേശത്തിന് തിലകച്ചാർത്തായി നൂറ്റിപ്പത്ത് വർഷങ്ങൾക്കിപ്പുറവും പ്രവര്‍ത്തിക്കുകയാണ് ഏങ്ങണ്ടിയൂരിലെ സി കൃഷ്ണവിലാസം ലൈബ്രറി. ജില്ലയിൽ ആദ്യ വായനശാലകളിൽ ഒന്നാണിത്. വൈദ്യശാസ്ത്രങ്ങളും, താളിയോലകളും, വേദോപനിഷത്തുകളും, സർവവിജ്ഞാനകോശങ്ങളും ഉൾപ്പെടെ 16000ൽ പരം പുസ്തകങ്ങളും അഞ്ചുഭാഷകളില്‍ റഫറൻസ് ഗ്രന്ഥ ശേഖരവും സി കൃഷ്ണവിലാസം ലൈബ്രറിയിലുണ്ട്.  ശ്രീനാരായണ ഗുരുവിന്റെ ആശീർവാദത്തിൽ 1914ൽ ഏങ്ങണ്ടിയൂർ യുവജന സമാജത്തിന്റെ മുഖ്യപ്രവർത്തകനായിരുന്ന ഭ്രാത. വി കെ വേലുക്കുട്ടി മാസ്റ്ററും സഹപ്രവർത്തകരും ചേർന്ന് സാമൂഹ്യ പ്രവർത്തകനും മിതവാദി പത്രാധിപരുമായിരുന്ന സി കൃഷ്ണൻ വക്കീലിന്റെ പേരില്‍ സ്ഥാപിച്ചതാണീ ലൈബ്രറി. അയിത്താചാരത്തിനെതിരായ പ്രവർത്തനങ്ങൾ, പന്തിഭോജനം, ജന്തു ബലിക്കെതിരായ പ്രവർത്തനങ്ങൾ, മിശ്രവിവാഹം തുടങ്ങി വിപ്ലവകരമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗ്രന്ഥശാലകൂടിയാണിത്.  1928ൽ വായനശാല സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. കൂടുതൽ പുസ്തകങ്ങൾക്കും  ജീവനക്കാരെ നിയമിക്കാനുമായി 1956ൽ പാലക്കാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മലബാർ ലോക്കൽ അതോറിറ്റി (എൽഎൽഎ)ക്ക് വായനശാല വിട്ടുനല്‍കി. തുടർന്ന് 1960ൽ എൽഎൽഎയുടെ ബ്രാഞ്ച് ലൈബ്രറിയായി. 1977ൽ ലൈബ്രറി പുനരുദ്ധാരണ കമ്മിറ്റി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി വായനശാലക്ക് 10 സെന്റ് ഭൂമി സ്വന്തമായി. 2000ൽ ജില്ലാ ലൈബ്രറി കൗൺസിലിന് കീഴിലായി പ്രവർത്തനം.  നിലവില്‍ ചാവക്കാട് താലൂക്ക് റഫറൻസ് ലൈബ്രറിയായി ഏങ്ങണ്ടിയൂർ തിരുമംഗലം യുപി സ്കൂളിന് സമീപമാണ് പ്രവർത്തനം. പി ആർ രാജൻ, സി കെ ചന്ദ്രപ്പൻ എന്നി ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് നിർമിച്ചതാണീ കെട്ടിടം. ലൈബ്രറി യുവജനവേദിയുടെ നേതൃത്വത്തിൽ വായനശാല കേന്ദ്രമാക്കി എച്ച്ടുഒ ഹെൽപിങ് ഹാൻസ് ഓർഗനൈസേഷൻ എന്ന സാന്ത്വന പരിചരണ സംഘടനയും ‌ബാലവേദിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് കോർണറും വനിതാവേദിയുടെ കീഴിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനവും നല്‍കുന്നു.  11 പേർ ഉൾപ്പെടുന്ന നിർവാഹക സമിതിയാണ് ദൈനംദിന പ്രവർത്തനം നിയന്ത്രിക്കുന്നത്. പകല്‍ 2.30 മുതൽ 5.30 വരെയാണ് ലൈബ്രറി പ്രവർത്തന സമയം. Read on deshabhimani.com

Related News