കണ്ണാറക്കയറ്റം 
ഇനി എളുപ്പം കേറാം

മലയോര ഹൈവേയുടെ ഭാഗമായി പീച്ചി കണ്ണാറ കയറ്റം കുറയ്ക്കുന്ന നിർമാണ പ്രവൃത്തി


തൃശൂർ മലയോര ഹൈവേ നിർമാണം ജില്ലയിലും പുരോഗമിക്കുന്നു. ആദ്യഘട്ടമായി പട്ടിക്കാട്‌ മുതൽ വിലങ്ങന്നൂർവരെ റോഡ്‌ നിർമാണമാണ്‌  നടക്കുന്നത്‌.  ഈ റൂട്ടിൽ  കണ്ണാറയിലെ കുത്തനെയുള്ള കയറ്റം  ഒഴിവാക്കാൻ റോഡ്‌ നിരപ്പാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.  ഭാരം കയറ്റിയ വണ്ടികൾ ഈ കയറ്റത്തിൽ പലപ്പോഴും കുടുങ്ങാറുണ്ട്‌.  ഇതുകുറയ്‌ക്കാൻ 50 സെന്റീമീറ്റർ റോഡ്‌ താഴ്‌ത്തിയാണ്‌ പുതിയറോഡ്‌ നിർമിക്കുന്നത്‌. ഇതോടെ ഭാരം കയറ്റിയ വണ്ടികൾക്കടക്കം ഈ പാതയിലുടെ ദുർഘടമില്ലാതെ  കടന്നുപോകാൻ കഴിയും. കണ്ണാറപാലം മുതൽ  800 മീറ്റർ റോഡാണ്‌ നിരപ്പാക്കുന്നത്‌. കണ്ണാറ ജങ്ഷൻ മുതൽ തുടങ്ങുന്ന കയറ്റത്തിന്റെ ഭാഗത്താണ്‌ റോഡ്‌ താഴ്‌ത്തുന്നത്‌. പരമാവധി ഉയരം കുറച്ച്‌ ലെവലാക്കാനാണ്‌ തീരുമാനം.  ഇതിന്റെ ഭാഗമായി പീച്ചിയിലേക്കുള്ള റോഡിന്റെ വലതുഭാഗം താഴ്‌ത്തി. ഇവിടെ മണ്ണിട്ട്‌ ബലപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഈ ഭാഗം പൂർത്തിയായശേഷം മറുഭാഗം പൊളിക്കും. ഒല്ലൂർ, പുതുക്കാട്‌, ചാലക്കുടി മണ്ഡലങ്ങളിലൂടെ പട്ടിക്കാടു മുതൽ വെറ്റിലപ്പാറവരെ 56.57 കിലോമീറ്ററിലാണ്‌  ജില്ലയിൽ മലയോര ഹൈവേ കടന്നുപോവുന്നത്‌.   238.44കോടി  കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ മൂന്നുഘട്ടമായാണ്‌ നിർമാണം.  സംസ്ഥാന പൊതുമരാമത്തിന്റെ കേരള റോഡ്‌ ഫണ്ട്‌ ബോർഡിനാണ്‌  നിർമാണച്ചുമതല. നിലവിലുള്ള റോഡാണ്‌ ജനങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്നത്‌.12 മീറ്ററിൽ രണ്ടുവരി പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്.  ഇരുഭാഗങ്ങളിലും ഫുട്പാത്തുണ്ടാകും. പട്ടിക്കാടുമുതൽ വിലങ്ങന്നൂർവരെയാണ്‌  ആദ്യഘട്ടം.രണ്ടാംഘട്ടം  വിലങ്ങന്നൂർമുതൽ  മാന്നാമംഗലം, പുലിക്കണ്ണി, വെള്ളിക്കുളങ്ങരവരെയും മൂന്നാംഘട്ടം വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ എറണാകുളം അതിർത്തിവരെയാണ്‌. പാലക്കാടുനിന്ന് തൃശൂർ നഗരം തൊടാതെ എറണാകുളത്തേക്കും  തിരിച്ചുമുള്ള   എളുപ്പവഴിയാണ്‌ മലയോരപാത.  ഇടപ്പിള്ളി –- വടക്കഞ്ചേരി ദേശീയപാതയ്ക്ക് സമാന്തരപാതയായി ഇതുമാറും. അതിരപ്പിള്ളി, ചിമ്മിനി, പീച്ചി ടൂറിസം, പുത്തൂർ സുവോളജിക്കൽ പാർക്ക്‌ എന്നിവയെ ബന്ധിപ്പിച്ച്‌ ടൂറിസം സർക്യൂട്ടിന്‌ മലയോര ഹൈവേ വഴിതുറക്കും. പാത യാഥാർഥ്യമാവുന്നതോടെ രണ്ടാം എൽഡിഎഫ്‌  സർക്കാരിന്റെ ചരിത്രനേട്ടമായി മാറും. Read on deshabhimani.com

Related News