ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും സ്ഥലമെടുപ്പ്: അളവെടുപ്പ് ഇന്ന് തുടങ്ങും
ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലമെടുപ്പിന് മുന്നോടിയായി അളവെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. ഗുരുവായൂർ ക്ഷേത്രപരിസരത്തെ തിരക്ക് കുറയ്‌ക്കുന്നതിനും സുരക്ഷക്കുമായി നൂറ് മീറ്ററെങ്കിലും ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അളവെടുപ്പ് നടത്തുന്നത്. ഈ മേഖല കല്ലിട്ട് തിരിച്ച് പ്രാഥമിക നടപടികൾ ആരംഭിക്കും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി തുടങ്ങുന്നത്. ക്ഷേത്ര മതിൽക്കെട്ടിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ 6.95 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സാമൂഹ്യാഘാത പഠനം നടത്തിയ കേരള വളന്ററി ഹെൽത്ത് സർവീസസിന്റെ കണക്ക് പ്രകാരം 30 താമസക്കാർ, 306 സ്ഥാപനങ്ങൾ, 125 ജീവനക്കാർ എന്നിങ്ങനെയാണ് ഇവിടെയുള്ളത്. 2013 ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രകാരം ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ നൽകിയാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായി ഗുരുവായൂർ ദേവസ്വം 200 കോടിരൂപ ബജറ്റിൽ നീക്കിവച്ചതിന് ദേവസ്വം കമീഷണറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. Read on deshabhimani.com