എംബിബിഎസ് സീറ്റ് തട്ടിപ്പ്‌: പ്രതി അറസ്റ്റിൽ



തൃശൂർ വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന്‌ വിശ്വസിപ്പിച്ച് തട്ടിപ്പ്‌ നടത്തിയ പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് തോമസ് അറസ്റ്റിൽ.  വൈദികനെന്ന് പരിചയപ്പെടുത്തിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ചെന്നൈ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ്‌ ചെയ്‌തത്‌. സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌  സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.     ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ബിഹാർ, ഹരിയാന, തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. കന്യാകുമാരി തക്കലയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിൽ തട്ടിപ്പ്‌ നടത്തിയത്‌. സുവിശേഷ പ്രവർത്തകൻ എന്ന മറവിലാണ്‌ തട്ടിപ്പ്‌ ആസൂത്രണം ചെയ്‌തിരുന്നത്‌. വെല്ലൂരിലെ സിഎംസി മെഡിക്കൽ കോളേജുമായും ആഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധമുണ്ടെന്ന്‌ പറഞ്ഞാണ്‌ രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. 60–- 80 ലക്ഷം രൂപ വീതമാണ്‌ ഓരോരുത്തരുടെയും കൈയിൽനിന്ന്‌ വാങ്ങിയിരുന്നത്‌.  ഈ കേസിൽ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്‌സനേയും  പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ, ജേക്കബ് തോമസിന്റെ മകൻ റെയ്നാർഡിനേയും വെസ്റ്റ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു.  മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷകസംഘത്തിൽ ഇൻസ്പെക്ടർ ലാൽ കുമാർ, എസ്‌ഐ സുജിത്ത്, സീനിയർ സിപിഒ ടോണി വർഗീസ്, മഹേഷ്, സിപിഒ റൂബിൻ ആന്റണി എന്നിവരാണുണ്ടായിരുന്നത്‌. Read on deshabhimani.com

Related News