മണ്ണിലും വിത്തിലും പ്ലാസ്‌മ വിദ്യ; മുളയ്ക്കാത്ത വിത്തിനും മുളപൊട്ടും
തൃശൂർ മണ്ണിന്റെ ഫലഭൂയിഷ്‌ടത വർധിപ്പിക്കുന്നതുമുതൽ മുളയ്ക്കൽ വൈകുന്ന വിത്തു മുളപ്പിക്കാനും ഉൽപ്പന്നങ്ങളുടെ സംസ്‌കരണത്തിനും വരെ ഇതാ കോൾഡ് പ്ലാസ്‌മ സാങ്കേതിക വിദ്യ. വൈദ്യുതി കടത്തിവിട്ട് വാതകങ്ങളെ പ്രവർത്തന ശേഷി കൂടിയ അയോണുകളായി രൂപാന്തരപ്പെടുത്തുന്നതാണ് പ്ലാസ്‌മ സാങ്കേതിക വിദ്യ. കാർഷിക സർവകലാശാലയിലെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ കോൾഡ് പ്ലാസ്‌മ സാങ്കേതിക വിദ്യയെ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്തുകയാണ്. അതുവഴി മുളയ്‌ക്കാൻ താമസമുള്ള വിത്തുകളും മുളയ്‌ക്കും. രാസവളം കുറച്ച് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താം. വിളകളിലെ പോഷകാംശങ്ങളും സംരക്ഷിക്കാനാവും. പ്ലാസ്‌മ ഉൽപ്പാദിപ്പിക്കുന്ന റിയാക്ടീവ് ഓക്‌സിജൻ, നൈട്രജൻ സ്‌പീഷീസുകൾ സസ്യങ്ങളുടെ വളർച്ചാ നിർണയ ഘടകങ്ങളെ ത്വരിതപ്പെടുത്തുന്ന തൻമാത്രകളായി പ്രവർത്തിക്കും. മണ്ണിന്റെ ഘടന, വായുസഞ്ചാരം, പോഷകലഭ്യത എന്നിവ മെച്ചപ്പെടുത്തും. ഉൽപ്പാദനക്ഷമത ഉറപ്പുവരുത്താനും കഴിയും. വിത്തുമുളപ്പിക്കൽ, അണുനശീകരണം, സസ്യവളർച്ച ത്വരിതഗതിയിലാക്കൽ, വിളപരിപാലനം, രോഗ പ്രതിരോധം, ഉൽപ്പന്നങ്ങളുടെ സംസ്‌കരണം തുടങ്ങി കാർഷിക ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോൾഡ് പ്ലാസ്‌മ പ്രയോജനപ്പെടുത്തുന്നു. വെള്ളാനിക്കര കോൾഡ് പ്ലാസ്‌മ യൂണിറ്റിൽ തണ്ണിമത്തൻ, ഗാക്ക് ഫ്രൂട്ട്, നാളികേരം എന്നിവയിൽ പ്ലാസ്‌മ പ്രയോഗത്തിലൂടെ വേഗത്തിൽ വിത്തു മുളപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണെന്ന് അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ പി സുധീർ പറഞ്ഞു. കോൾഡ് പ്ലാസ്‌മ യൂണിറ്റിൽ കൺവെയർ ബെൽട്ട് വഴി മണ്ണും വിത്തും ജലവുമെല്ലാം കടത്തിവിട്ടാണ് പ്ലാസ്‌മ പ്രയോഗം. പ്ലാസ്‌മ വിദ്യ ബാക്‌ടീരിയ, ഫംഗസ്, വൈറസ് തുടങ്ങി രോഗകാരികളുമായി പ്രതിപ്രവർത്തിച്ച് അവയെ നിർജീവമാക്കും. സൂക്ഷ്‌മാണുനശീകരണം സസ്യോപരിതലത്തിലേക്ക് വ്യാപിക്കും. അതിനാൽ വിളകൾക്ക് രോഗ പ്രതിരോധശേഷി വർധിക്കും. രാസവളങ്ങൾക്കും കീടനാശിനികൾക്കും ബദലാണിത്. വള നിർമാണത്തിനുള്ള കാർബൺ പ്രയോഗം കുറയുക വഴി പ്രകൃതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്‌മ ആക്ടിവേറ്റഡ് വെള്ളം ജലസേചനത്തിന് ഉപയോഗിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്‌ഠതയും പോഷകഗുണവും വർധിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും അണുനശീകരണത്തിന് പ്ലാസ്‌മ ആക്ടിവേറ്റഡ് വെള്ളം ഉപയോഗിക്കാം. ചൂട് ഉപയോഗിക്കാതെ പ്ലാസ്‌മ വഴി ചെറുധാന്യങ്ങൾ ഉൾപ്പെടെ ഭക്ഷ്യപദാർഥങ്ങളിലെ സൂക്ഷ്‌മാണുക്കളേയും എൻസൈമുകളേയും സംസ്‌കരിക്കാം. അതുവഴി ഭക്ഷ്യപദാർഥങ്ങളുടെ തനത് രുചിയും പോഷകഗുണങ്ങളും നിലനിർത്താനാവും. Read on deshabhimani.com