ഇരുതല മൂരിയെ വിൽക്കാൻ ശ്രമം: പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
തൃശൂർ പട്ടിക്കാട് വനംവകുപ്പ് റേഞ്ച് പരിധിയിൽ ഇരുതല മൂരിയെ കച്ചവടം നടത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളികളായ രണ്ടുപേർ പിടിയിൽ. കയ്‌പമംഗലം ചിമ്മിണിയിൽ മുഹമ്മദ് മാലിക് (55), പുതുകാട്ടു പറമ്പിൽ അഷ്‌റഫ് ചാണ്ടി (അജീഷ് –- 37) എന്നിവരെയാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ സി പ്രജിയും സംഘവും അറസ്റ്റ് ചെയ്തത്. 2021ൽ ഇരുതല മൂരിയെ തൃശൂർ ശക്തൻ ബസ് സ്റ്റാറ്റൻഡിന് സമീപം കച്ചവടം നടത്താൻ ശ്രമിച്ച കേസിലും ഇരുവരും പ്രതികളായിരുന്നു. അന്ന് കൂട്ടാളികളായ മന്നം വലതുപടിയിൽ സിദ്ദിഖ്, കൊടുങ്ങല്ലൂർ പള്ളത്ത് അനിൽകുമാർ, കാടുകുറ്റി കുറ്റിപറമ്പിൽ സന്തോഷ്, നെയ്യാറ്റിൻകര ഇന്ദിര ഭവനിൽ രാംകുമാർ എന്നിവരെ പിടികൂടിയെങ്കിലും മാലിക്കും അഷ്‌റഫും രക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ മുഹമ്മദ് മാലിക് അറസ്റ്റിലായി. തുടർന്ന് റിമാൻഡിൽ കഴിയുന്ന മാലിക്കിന്റെ പേരിൽ ഇരുതലമൂരിക്കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂന്നുപീടികയിലെ വീട്ടിൽ നിന്ന് അഷ്‌റഫിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അന്വേഷകസംഘത്തിൽ മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം ഷാജഹാൻ, ഫോറസ്റ്റർമാരായ എം പി സജീവ് കുമാർ, പി കെ മുഹമ്മദ് ഷമീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി യു രാജ്‌കുമാർ, കെ വി ദീപു, എം എൻ ഷിജു, സി എസ് അഞ്ജന, എം പി ബിജേഷ്, രാഹുൽ ശങ്കർ, ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉൾപ്പെടുന്നു. Read on deshabhimani.com