നഷ്ടപ്പെട്ട മോതിരം 
ഹോട്ടലിലെ വേസ്‌റ്റ്‌ ബിന്നില്‍



ചാലക്കുടി നഷ്ടപ്പെട്ടെന്ന് കരുതിയ വിവാഹമോതിരം ഭക്ഷണം കഴിച്ച ഹോട്ടലിലെ വേസ്‌റ്റ്‌ ബിന്നിൽനിന്നും കണ്ടുകിട്ടിയത് ഹോട്ടലുടമയ്‌ക്കും ദമ്പതിമാർക്കും ആശ്വാസമായി. ഗുരുവായൂർ സ്വദേശി റമീസ് ജാഫറി ചൊവ്വാഴ്ച ചാലക്കുടിയിലെ സ്വകാര്യ സ്‌കൂളിൽ ഡിസൈൻ പരിശീലനത്തിനെത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞ് തിരിച്ചുപോകുന്നവഴി സൗത്ത് ജങ്ഷനിലെ നടുമുറി ഫാസ്റ്റ് ഫുഡിൽ നിന്നും ഭക്ഷണം കഴിച്ചശേഷം ടിഷ്യുപേപ്പറുപയോഗിച്ച് വിരലുകൾ വൃത്തിയാക്കുന്നതിനിടെ ഒന്നരപ്പവന്റെ  മോതിരം   ഊരിപ്പോയി. രാത്രി വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ചാലക്കുടിയിലെ സുഹൃത്ത് വഴി ഭക്ഷണം കഴിച്ച ഹോട്ടലിൽ തിരക്കിയെങ്കിലും മോതിരം ലഭിച്ചില്ല. ഹോട്ടലുടമ മോഹനൻ വന്നയാളിൽനിന്നും റമീസ് ജാഫറിയുടെ നമ്പർ വാങ്ങിവയ്ക്കുകയും ചെയ്തു. ഹോട്ടൽ അടയ്‌ക്കുന്ന സമയത്ത് വേസ്‌റ്റ്‌ ബിൻ പരിശോധിച്ചപ്പോഴാണ് ടിഷ്യുപേപ്പറിനുള്ളിൽ മോതിരം കണ്ടത്.  ഹോട്ടലുടമ മോഹനൻ അറിയിച്ചതനുസരിച്ച് ബുധനാഴ്‌ച റമീസ് ജാഫറി   കുടുംബസമേതമെത്തി മോതിരം ഏറ്റുവാങ്ങി.   Read on deshabhimani.com

Related News