ഷെയർ ട്രേഡിങ് തട്ടിപ്പ്: 
ഒരു കോടി തട്ടിയ 2 പേർ പിടിയിൽ



തൃശൂർ ഷെയർ ട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം പണം തട്ടിയെടുത്ത രണ്ട്‌ പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ ഒളകര കാവുങ്ങൽ വീട്ടിൽ കെ മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻ വീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരെയാണ്‌ തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഏപ്രിലിൽ സിഐഎൻവി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ്‌ വിയ്യൂർ സ്വദേശിയെ ഫോൺ ചെയ്യുകയായിരുന്നു. ഷെയർ ട്രേഡിങ്ങിനെ കുറിച്ച്  ഓൺലൈൻ വഴി ക്ലാസ്‌ എടുത്തു വിശ്വസിപ്പിച്ചു. 500 ശതമാനം നേട്ടമുണ്ടാക്കാം എന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി ഇയാളിൽ നിന്ന്‌ 1,24,80,000 രൂപയാണ് തട്ടിയത്. തുടർന്നാണ്‌ സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്‌.  സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ നിർദ്ദേശപ്രകാരം അന്വേഷണം  സിറ്റി ക്രൈം ബ്രൈഞ്ചിലേക്ക് കൈമാറുകയായിരുന്നു. മുഹമ്മദ് ഫൈസലിന്റെ സുഹൃത്തായ ഒരു വിദ്യാർഥിനിയുടെ ബാങ്ക്‌  അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തി.    സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ്‌ കമീഷണർ വൈ നിസാമുദ്ദീൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്‌ടർമാരായ ജയപ്രദീപ്, കെ എസ് സന്തോഷ്, സുധീപ്, അസിസ്റ്റന്റ്‌ സബ് ഇൻസ്‌പെക്‌ടർ ജെസ്സി ചെറിയാൻ, സിവിൽ പൊലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു. Read on deshabhimani.com

Related News