യുവാവിന്റെ മുങ്ങി മരണം: പ്രതിഷേധിച്ചു
കോടാലി നായാട്ടുകുണ്ട് കാരിക്കടവ് പുഴയിൽ മുങ്ങിമരിച്ച യുവാവിന്റെ ആശ്രിതർക്ക് ഹാരിസൺ മലയാളം ലിമിറ്റഡ് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എസ്‌വൈഎസ് മറ്റത്തൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്എംഎൽ കുണ്ടായി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഞായർ വൈകിട്ട് കോടാലി വലിയകത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ നസീബ് കാരിക്കടവ് പുഴയിൽ മുങ്ങി മരിച്ചത്. തോട്ടത്തിൽ നിന്ന് തടികൾ മുറിച്ച് കൊണ്ടുപോകുവാൻ ഹാരിസൺ കമ്പനി പുഴയിൽ പാറക്കല്ലുകൾ കൊണ്ട് നടപ്പാത ഉണ്ടാക്കിയിരുന്നു. ഇതിനിടയിലൂടെ വെള്ളം ഒഴുകാൻ രണ്ട് സിമന്റ് കുഴലുകളും സ്ഥാപിച്ചിട്ടുണ്ട്. അവ പുഴയുടെ അടിയിലായതിനാൽ പുറത്തേക്ക് കാണാൻ കഴിയുമായിരുന്നില്ല. അടിയൊഴുക്കിൽ ഈ കുഴലിനകത്ത് അകപെട്ടാണ് നസീബ് മരണപ്പെട്ടത്. അനധികൃതമായി നിർമിച്ച പാലം ആവശ്യം കഴിഞ്ഞ് രണ്ട് വർഷമായിട്ടും പൊളിച്ചു മാറ്റാതിരുന്നതാണ് നസീബിന്റെ മരണത്തിന് ഇടയാക്കിയത്. രണ്ടു കുടുംബമാണ് നസീബിന്റെ മരണത്തോടെ അനാഥമായത്. പ്രതിഷേധ ധർണ എസ്‌വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ എറിയാട് ഉദ്ഘാടനം ചെയ്തു. തൃശൂർ സോൺ പ്രസിഡന്റ് അഷ്റഫ് സഅദി അധ്യക്ഷനായി. Read on deshabhimani.com