9 പ്രതികൾ അറസ്റ്റിൽ



  സ്വന്തം ലേഖകൻ കയ്പമംഗലം  റൈസ്‌ പുള്ളർ  തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി  ആംബുലൻസിൽ ഉപേക്ഷിച്ച കേസില്‍ ഒമ്പത്‌ പ്രതികൾ അറസ്റ്റിലായി. കണ്ണൂർ  അഴീക്കോട് സ്വദേശി സാബിറാസ് കപ്പക്കടവ് വീട്ടിൽ മുഹമ്മദ് സാദിഖ് (59), തലശേരി തോട്ടട സ്വദേശി ബൈത്തുൾ ഷർമിന വീട്ടിൽ സലീം (54), കണ്ണൂർ അഴീക്കോട് സ്വദേശികളായ കടപ്പുറത്ത് അകത്ത് കാക്കി വീട് ഫാഇസ് (48), മുടവന്റകത്ത് വീട്ടിൽ മുജീബ് (49), തൃശൂർ അരണാട്ടുകര സ്വദേശി കാർത്തിക വീട്ടിൽ ദിലീപ് ചന്ദ്രൻ (44), ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (32), എറണാകുളം ഉദയംപേരൂർ സ്വദേശി വൈഷ്ണവം വീട്ടിൽ സുരേഷ് (48), എറിയാട് അഴീക്കോട് സ്വദേശി കുന്നിക്കുളത്ത് വീട്ടിൽ ഷിഹാബ് (40), ശ്രീനാരായണപുരം വേക്കോട് സ്വദേശി കയ്യാത്ത് വീട്ടിൽ അഭയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  23 ന് രാത്രി പതിനൊന്നോടെയാണ് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെ മർദിച്ച് കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചത്.    കൊലപാതകം:  
സംഭവമിങ്ങനെ കയ്‌പമംഗലം  സത്യമംഗലം കാടുകളിൽ ആദിവാസികളുടെ കൈവശം കോടികൾ വിലമതിക്കുന്ന   ഇറിഡിയം അഥവാ റൈസ് പുള്ളറുണ്ടെന്നും  അത്  വാങ്ങി വില്പന നടത്തിയാൽ 200 കോടി രൂപ ലാഭവിഹിതം നല്കാമെന്നും വിശ്വസിപ്പിച്ച് കണ്ണൂർ സ്വദേശിയായ സാദിഖിൽനിന്ന്‌ 65 ലക്ഷം രൂപ ചാൾസും കൊല്ലം ചവറ സ്വദേശി ശശാങ്കനും ചേർന്ന് വാങ്ങി. വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞതോടെ സാദിഖും കൂട്ടരും 22ന് രാത്രി തൃശൂരിലെത്തി ദിലീപ് ചന്ദ്രനുമായി കൂടിയാലോചിച്ചു.  23 ന് രാവിലെ പുതുക്കാട് ടോൾ പ്ലാസ പരിസരത്തേക്ക് ചാൾസ് ബെഞ്ചമിനേയും ശശാങ്കനേയും വിളിച്ചു വരുത്തി. അവിടെനിന്ന്‌  കാറിൽ കയറ്റിക്കൊണ്ടുപോയി കല്ലൂർ ഭാഗത്ത് റബർ ത്തോട്ടത്തിലെ കെട്ടിടത്തിലും വട്ടണാത്രയിലെ  എസ്റ്റേറ്റിലും പ്രതികളിലൊരാളായ ധനേഷിന്റെ വീട്ടിലെത്തിച്ചും മർദിച്ചു. ഇതിനിടെ ചാൾസ് ബെഞ്ചമിൻ മരിച്ചു. മൃതദേഹം പ്രതികൾ കയ്പമംഗലം വഞ്ചിപ്പുര ഭാഗത്തേക്ക്  കാറിൽ കൊണ്ടുപോയി. ഈ സമയം ശശാങ്കൻ  ഓടിരക്ഷപ്പെട്ടു.  ആംബുലൻസ് വിളിച്ചുവരുത്തി ചാൾസ് ബെഞ്ചമിന്‌ അപകടത്തിൽ  പരിക്കേറ്റുവെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.  തങ്ങൾ പുറകെയെത്താമെന്ന്‌ ആംബുലൻസ് ഡ്രൈവറെ  വിശ്വസിപ്പിച്ചു.   മരിച്ചിട്ട് കുറച്ച് നേരമായെന്ന് ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന്  കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ  വിളിച്ച് അറിയിച്ചു. ചാൾസിനെ ആംബുലൻസിൽ കയറ്റി വിട്ടവർ ആശുപത്രിയിൽ എത്തിയതുമില്ല.   തുടർന്ന്  അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചാൾസിന്റെ ദേഹത്ത് എഴുപതോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തി. മൃതശരീരം സ്ഥലത്തുനിന്നും മാറ്റുന്നതിന് ഉപയോഗിച്ച കാർ തിരൂരിൽനിന്നും കണ്ടെത്തി.     തൃശൂർ റൂറൽ എസ് പി നവനീത് ശർമയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്. കേസിൽ  കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും എസ് പി പറഞ്ഞു.  കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം ഷാജഹാൻ, എസ് ഐ മാരായ കെ എസ് സൂരജ്, ടി കെ ജെയ്സൺ, വി എം ബിജു, ഹരിഹരൻ, മുഹമ്മദ് സിയാദ്, വനിതാ ജി എ എസ് ഐ പി കെ നിഷി, എസ് സി പി ഒ മാരായ മുഹമ്മദ് റാഫി, സുനിൽകുമാർ, ജ്യോതിഷ്, കെ എൻ പ്രിയ, സിപിഒമാരായ ഒ എഫ് ജോസഫ്‌, മുഹമ്മദ് ഫറൂഖ്, ടി കെ സൂരജ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News