19 വയസ്സുകാരിക്ക് പീഡനം: മുഖ്യഏജന്റടക്കം 2 പേർ പിടിയിൽ
ചാലക്കുടി മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്‌ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവടക്കം രണ്ടുപേരെ തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്‌പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷിന്റേയും നേതൃത്വത്തിൽ പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ പൊൻമാനിക്കുടം സ്വദേശി കീഴ്പ്പുള്ളി വീട്ടിൽ മോഹനന്റെ മകൻ സുഷി എന്ന സുഷിൻ (32 ), ഇരിങ്ങാലക്കുട മനവലശേരി വില്ലേജിൽ താണിശേരി സ്വദേശി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33) എന്നിവരാണ് പിടിയിലായത്. പൊലീസ് തിരക്കുന്നതറിഞ്ഞ സുഷി ആദ്യം കർണാടകത്തിലേക്ക് കടന്നുവെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തൽമണ്ണ ഭാഗത്ത് താമസിച്ചു. പിന്നീട് ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി പെൺവാണിഭം നടത്തവേയാണ് പിടിയിലാകുന്നത്. അന്വേഷക സംഘം കിഴുത്താണിയിലെ സുഷിയുടെ പുതിയ സങ്കേതം കണ്ടെത്തി. ഇവിടെ ഇയാൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് വീട് വളഞ്ഞത്. മുൻവശത്തുകൂടി വരുന്ന പൊലിസുകാരെ കണ്ട് പിൻഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉയരമുള്ള മൂന്നോളം മതിലുകൾ ചാടിക്കടന്ന് ഓടിയെങ്കിലും അന്വേഷക സംഘം പിന്തുടർന്ന് പിടികൂടി. സുഷിയേയും അനീഷിനേയും പിടികൂടിയ സംഘത്തിൽ ഡിവൈഎസ്‌പിമാരെ കൂടാതെ എസ്ഐ പി ഡി അനിൽകുമാർ, ക്രൈം സ്വകാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ എന്നിവരാണ് ഉണ്ടായിരുന്നത്. ചാലക്കുടിയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിരവധി വിവരങ്ങൾ സുഷിയിൽനിന്ന് ലഭിച്ചതായി സൂചനയുണ്ട്. വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്ട്രേറ്റിനുമുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുഷി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുമ്പ് പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്കോ ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെൺകുട്ടി സുഷിയുടെ കെണിയിൽപ്പെട്ടത്. പതിനേഴാം വയസ്സിൽ സ്വകാര്യ ബസിലെ ജീവനക്കാരനായിരിക്കെ പരിചയത്തിലായ "താത്ത " എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്ന് പെൺവാണിഭമാരംഭിച്ച ഇയാൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റിയൽ എസ്റ്റേറ്റ് വ്യാപാരി, കാർ റെന്റ് സ്ഥാപന ഉടമ എന്നൊക്കെ പരിചയപ്പെടുത്തി വീട് വാടകയ്ക്കെടുത്താണ് പെൺവാണിഭം നടത്തിയിരുന്നത്. വിദേശ മലയാളികളും മറ്റുമാണ് പ്രധാന ഇടപാടുകാർ. ഇടപാടുകാരിലൊരാളാണ് പിടിയിലായ അനീഷ്. മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇടപാടുകൾ നടത്തിവന്നിരുന്നത്. ഇതിനായി നിരവധി ഫോണുകളും സിം കാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നു. Read on deshabhimani.com