4.55 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്
തൃശൂർ ഓൺലൈനിൽ അന്തർദേശീയ ചെസ് ടൂർണമെന്റ് നടത്തി സമാഹരിച്ച 4,55,078 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംസ്ഥാനതല ചെസ് സംഘടനയായ ചെസ് കേരള ആണ് ദുരിതാശ്വാസ നിധിക്ക് വേണ്ടി ഓൺലൈൻ ടൂർണമെന്റ് സംഘടിപ്പിച്ചത്. മെയ് രണ്ടിനായിരുന്നു ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ് ടൂർണമെന്റ്. ചെസ് കേരള പ്രസിഡന്റ് എൻ ആർ അനിൽകുമാർ, സെക്രട്ടറി സലിം യൂസഫ്, എക്സിക്യൂട്ടീവ് അംഗം കെ സി ശ്രീകുമാർ എന്നിവർ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. 18 രാജ്യങ്ങളിൽനിന്ന് 64 ഗ്രാൻഡ് മാസ്റ്റർമാരും ഇന്റർനാഷണൽ മാസ്റ്റർമാരും ഉൾപ്പെടെ 431 പേർ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർ പ്രവേശന ഫീസിന് പകരം 250 രൂപയിൽ കുറയാത്ത സംഭാവന നൽകി. വിശ്വനാഥൻ ആനന്ദും ജൂഡിത്ത് പോൾഗാറും (ഹംഗറി ) ലോക ചെസ് ഫെഡറേഷനും പിന്തുണച്ചു. ലോക ചാമ്പ്യൻഷിപ് ഫൈനലിസ്റ്റ് നൈജൽ ഷോർട്ട് (ഇംഗ്ലണ്ട്), അർജന്റീനയുടെ ഒന്നാം നമ്പർ താരം അലൻ പിച്ചോട്ട്, അൾജീരിയൻ ചാമ്പ്യൻ ബിലേൽ ബല്ലാച്ച്നെ, ജപ്പാൻ നമ്പർ 2 ഷിന്യാ കൊജീമ, പെൺകുട്ടികളുടെ ലോക ചാമ്പ്യൻ ലയ ഗാരിഫുള്ളിനാ (റഷ്യ) കോമൺവെൽത്ത്ചാമ്പ്യൻ അഭിജിത്ത് ഗുപ്ത, കേരളത്തിന്റെ അഭിമാന താരങ്ങളായ നിഹാൽ സരിൻ, എസ് എൽ നാരായണൻ, കെ രത്നാകരൻ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ചെസ് ഹൗസ് ബോട്ട് കേരള 52,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നൽകി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ എസ് എൽ നാരായണനും അഭിജിത്ത് ഗുപ്തയും സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴിഞ്ഞ വർഷം പ്രളയകാലത്ത് ചെസ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,38,500 രൂപ നൽകിയിരുന്നു. Read on deshabhimani.com