അടിയന്തര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി



  ചേർപ്പ് പെരിങ്ങോട്ടുകര സെറാഫിക് കോൺവെന്റ്‌ ഗേൾസ് ഹൈസ്കൂളിൽ സെറിബ്രൽ പാൾസി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട  സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും  ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും  മന്ത്രി  ആർ ബിന്ദു നിർദേശം നൽകി. പ്രശ്നം ഏറെ ഗൗരവതരവും അപലപനീയവുമാണ്. സ്കൂൾ അധികാരികളോട്  വിശദീകരണം തേടും. ഭിന്നശേഷി സൗഹാർദപരമായ അന്തരീക്ഷം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കുണ്ടെന്നും  മന്ത്രി  പറഞ്ഞു.  കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാഴൂർ  നായരുപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെയും പ്രവീണയുടെയും മകളെ സ്കൂളിലെ ഒന്നാം നിലയിലെ ക്ലാസ്‌മുറിയിൽ അര മണിക്കൂറോളം പൂട്ടിയിട്ടത്. രക്ഷിതാക്കൾ സാമൂഹ്യനീതി വകുപ്പിനും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകിയത്. വെള്ളിയാഴ്ച സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. കുട്ടിയുടെ രക്ഷിതാക്കളുടെയും മൊഴിയെടുത്തു.  സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് മോഹൻദാസ്, ഡിഎഡബ്ല്യുഎഫ്‌ ജില്ലാ സെക്രട്ടറി ടി എ മണികണ്ഠൻ, പ്രസിഡന്റ്‌ ഒ എസ് റഷീദ് എന്നിവർ കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ചു. Read on deshabhimani.com

Related News