മുരളിയെ തോൽപ്പിച്ചവർ 
ബ്ലോക്ക്‌ ഭാരവാഹികൾ



തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ  തോൽപ്പിച്ച്‌  തൃശൂരിൽ ബിജെപി വിജയിക്കാൻ വഴിയൊരുക്കിയവരെ  കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ഒരു വീട്‌ പോലും കയറാത്തവരെ  പുനഃസംഘടനയിൽ  ബ്ലോക്ക്‌ ഭാരവാഹികളാക്കിയാണ്‌  നാമനിർദേശം. പ്രതിഷേധം വ്യാപകമായതോടെ  കെപിസിസി മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌  കൂടുതൽ ഭാരവാഹികളെ നിയമിച്ച്‌  ജംബോ  പട്ടിക പുറത്തിറക്കി.  എന്നാൽ അർഹതയുള്ളവരെ തഴഞ്ഞ്‌ അർഹതയില്ലാത്തവരെ  തിരുകിക്കയറ്റിയതോടെ തർക്കം രൂക്ഷമാവുകയാണ്‌. മുരളീധരന്റെ  തോൽവിയെ തുടർന്ന്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ട ജോസ്‌ വള്ളൂരിന്റെ സമർദ്ദത്തിന്‌ നിലവിലെ  ഡിസിസി പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ വഴങ്ങിയതായി എതിർഗ്രൂപ്പുകാർ ആരോപിക്കുന്നു. ജില്ലയിൽ 26 ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളാണുള്ളത്‌. കെപിസിസി മാനദണ്ഡ പ്രകാരം 10 വൈസ്‌ പ്രസിഡന്റ്‌, 15 സെക്രട്ടറി എന്നിങ്ങനെ 25 ഭാരവാഹികളെയാണ്‌ നാമനിർദേശം ചെയ്യേണ്ടത്‌. എന്നാൽ പല ബ്ലോക്കുകളിലും 25 വൈസ്‌ പ്രസിഡന്റുമാരും 30 സെക്രട്ടറിമാരുൾപ്പടെ 55 ഭാരവാഹികൾ വരെയുണ്ട്‌. മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ചുമതല ഒഴിയുന്നവരെ ബ്ലോക്ക്‌ ഭാരവാഹികളാക്കണമെന്ന കെപസിസി നിർദേശം പാലിച്ചില്ല. ബൂത്ത്‌ പ്രസിഡന്റ്‌ പോലും ആവാത്തവർ നേരിട്ട്‌  ബ്ലോക്ക്‌ ഭാരവാഹികളായി .  ഇവരുടെ ചിത്രം സഹിതം ഫ്ലക്‌സ്‌ ബോർഡുകൾ സ്ഥാപിച്ചതോടെയാണ്‌  പ്രവർത്തകർ വിവരം അറിയുന്നത്‌. ഇതോടെ പ്രതിഷേധം വ്യാപിക്കുകയാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട്‌ മറിച്ചതുമൂലം 87,000 ത്തോളം വോട്ട്‌ കോൺഗ്രസിന്‌ കുറഞ്ഞു. കോൺഗ്രസ്‌ മൂന്നാംസ്ഥാനത്തായി. ബിജെപി വിജയിച്ചു.         ഇതു സംബന്ധിച്ച കെപിസിസി കമീഷൻ റിപ്പോർട്ടിൽ  ടി എൻ പ്രതാപൻ, അനിൽ അക്കര, ജോസ്‌ വള്ളൂർ, എം പി വിൻസന്റ്‌  എന്നിവരുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എന്നാൽ ആർക്കുമെതിരെ നടപടി സ്വീകരിച്ചില്ല.  മാത്രമല്ല, ഇവർക്കെല്ലാം ചേലക്കരയിൽ തെരഞ്ഞെടുപ്പ്‌ ചുമതലകൾ നൽകി. ഇതിനു പുറമെയാണ്‌ മുരളിയെ തോൽപ്പിച്ചവർക്ക്‌  ബ്ലോക്ക്‌ ഭാരവാഹി സ്ഥാനവും നൽകിയിരിക്കുന്നത്‌.   ഇതിൽ കെ മുരളീധരൻ ഉൾപ്പടെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്‌. തൃശൂരിലെ  കോൺഗ്രസ്‌ തോൽവി ചോദ്യം ചെയ്‌ത ഡിസിസി ഓഫീസിലെത്തിയ ഡിസിസി സെക്രട്ടറിമാരായിരുന്ന സജീവൻ കുരിയച്ചിറ, എം എൽ ബേബി എന്നിവരെ എതിർവിഭാഗം മർദിച്ചിരുന്നു. ഇരുവരെയും സസ്‌പെൻഡ്‌ ചെയ്‌തിരിക്കയാണ്‌. Read on deshabhimani.com

Related News