മനം പൊട്ടി; അവർ മടങ്ങി
തൃപ്രയാർ കുട്ടികളുടെ കളിചിരിയും പണി കഴിഞ്ഞ് തിരിച്ചെത്തിയവർ ഒത്തുചേർന്ന് വൈകിട്ട് ഒരുമിച്ചുള്ള ഭക്ഷണവും താമസവുമെല്ലായി കഴിഞ്ഞിരുന്ന സ്ഥലം ഇന്ന് ശ്‌മശാന മൂകമാണ്. കുട്ടികളടക്കം അഞ്ചുപേരുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ ബാക്കിയുള്ളവർ നിശ്ശബ്ദമായി നാടുവിട്ടു. ചിലർ ജീവിതസമ്പാദ്യമായ വസ്‌ത്രങ്ങളെല്ലാം എടുത്തുമടങ്ങി. ചിലർ വസ്‌ത്രവും ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങളുമടക്കം ഉപേക്ഷിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നീറുന്ന ഓർമകളുമായാണ് മടങ്ങിയത്. 30ഓളം പേർ താമസിച്ചിരുന്ന സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കണ്ട നാട്ടുകാരുടെ ഉള്ളവും വിങ്ങി. എന്നും കാണുമായിരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ പടം പത്രത്തിൽ കണ്ടപ്പോൾ നാട്ടുകാരുടെ ഉള്ളൊന്ന് പിടഞ്ഞു. ഇന്നലെ വരെ കളിയും ചിരിയുമായി കണ്ട കുട്ടികൾ ഇനിയില്ലെന്ന വേദന അവർക്കെല്ലാം ഹൃദയം തകർക്കുന്ന നീറ്റലായി. ദിവസവും ചായക്കടയിലും മറ്റുമായി കുട്ടികളെയും മുതിർന്നവരെയും കാണുമായിരുന്നു. സന്തോഷത്തോടെ ചിരിച്ചുകളിച്ച് നടന്നിരുന്നവർ നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഇവർക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്ന് പറയുമ്പോൾ അവരുടെ മനസ്സിലെല്ലാം രോഷമാണ്. ‘കിടന്നുറങ്ങാൻ ഒരു വീടില്ലാത്തതിനാലാണല്ലോ ഇവർ തെരുവിൽ കിടന്നുറങ്ങിയത്. ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ഇനി ആർക്കും ഈ ഒരു അവസ്ഥയുണ്ടാകരുത്’–- ഓട്ടോ തൊഴിലാളി ഇ വി ധർമൻ പറഞ്ഞു. റോഡ് നിർമാണം നടത്തുന്ന ദേശീയപാത അധികൃതർ നിർമാണം പൂർത്തിയാകുന്നത് വരെ ദിശാ സൂചിക സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അലക്ഷ്യമായി നിർമാണ സാമഗ്രികൾ ഇടാതെയും സുരക്ഷിത യാത്ര ഒരുക്കുന്നതിനായി കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നുമാണ് നാട്ടുകാരുടെ അപേക്ഷ. അപകടം നടന്ന സ്ഥലത്ത് ബുധനാഴ്ച ദേശീയപാത അധികൃതർ ദിശ സൂചിപ്പിക്കുന്ന ലൈറ്റ് സ്ഥാപിച്ചു. Read on deshabhimani.com