റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
തൃശൂർ ഉക്രയ്‌ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയായ റഷ്യൻ സൈനികൻ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും. റോസ്‌തോവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. നോർക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടർന്ന് നോർക്ക സജ്ജമാക്കിയിട്ടുള്ള ആംബുലൻസിൽ വീട്ടിലെത്തിക്കുമെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. മൃതദേഹം പകൽ 12ന് വടൂക്കര ശ്മശാനത്തിൽ സംസ്‌കരിക്കും. ആഗസ്‌ത് 20നാണ് സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം ഇന്ത്യൻ അധികൃർക്ക് ലഭിച്ചത്. സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. നോർക്ക റഷ്യയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിരുന്നു. മോസ്‌കോയിൽ ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞ് ഏപ്രിൽ രണ്ടിനാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. എന്നാൽ റഷ്യൻ പൗരത്വം സ്വീകരിച്ച് സൈന്യത്തിൽ ചേരുകയായിരുന്നു. മെയ് 30ന് റഷ്യൻ പാസ്‌പോർട്ടും ലഭിച്ചിരുന്നു. കല്ലൂർ നായരങ്ങാടി കാങ്കിൽ ചന്ദ്രന്റെയും വത്സലയുടെയും മകനായ സന്ദീപ് ചാലക്കുടിയിലെ ഏജൻസി വഴിയാണ് റഷ്യയിലേക്ക് പോയത്. സന്ദീപിനെക്കൂടാതെ ആറുപേരെക്കൂടി ഈ ഏജൻസി കൊണ്ടുപോയിട്ടുണ്ട്. ഇവരെ കൊണ്ടുപോയ ഏജൻസിക്കെതിരെ ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സന്ദീപിനൊപ്പം പോയവരെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. Read on deshabhimani.com