കേരള പൊലീസിന്റെ സൂചനകൾകൃത്യമെന്ന്‌ തമിഴ്‌നാട്‌



തൃശൂർ എടിഎം കവർച്ചക്കേസിൽ കേരള പൊലീസ്‌ നൽകിയ സൂചനകൾ കൃത്യമായെന്നും  പ്രതികളെ പിടിക്കാൻ ഇത്‌ സഹായകരമായെന്നും സേലം ഡിഐജി ഇ എസ്‌ ഉമ പറഞ്ഞു. തൃശൂരിൽ സംഭവം നടന്ന ഉടനെ പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ചും കണ്ടെയ്‌നറിൽ അതിർത്തി കടക്കാനുള്ള സാധ്യതയും തൃശൂർ സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ തമിഴ്‌നാട്‌ പൊലീസിന്‌  കൈമാറിയിരുന്നുവെന്ന്‌ ഡിഐജി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതേതതുടർന്ന്‌   പരിശോധന ശക്തമാക്കുകയായിരുന്നു.   കേരളം നടത്തിയ അതിവേഗ ഇടപെടലാണ്‌  പ്രതികളെ  വലയിലാക്കാൻ വഴിയൊരുക്കിയത്‌. കവർച്ച നടന്ന്‌ മൂന്ന്‌ മണിക്കൂർ പിന്നിടുമ്പോഴേക്കും ഇവർ സഞ്ചരിച്ച വെള്ള ഹുണ്ടായ്‌   ക്രെറ്റ കാർ പൊലീസ്‌ തിരിച്ചറിഞ്ഞു. പ്രതികൾ രക്ഷപ്പെടാനുള്ള വഴികൾ മനസ്സിലാക്കി തമിഴ്‌നാട്ടിലെ  കോയമ്പത്തൂർ, സേലം, കൃഷ്ണഗിരി ജില്ലകളിലേക്ക്‌ വിവരം കൈമാറി.  ഇതിന്റെ അടിസ്ഥാനത്തിൽ നാമക്കലിൽ പരിശോധനയ്‌ക്കിടെയാണ്‌ സംഘം പിടിയിലായത്‌.  എടിഎം കൊള്ളയടിക്കുന്ന ഹരിയാനയിലെ മേവാത്തി സംഘമായിരിക്കും തൃശൂർ സംഭവത്തിന്‌ പിന്നിലെന്ന എസ്‌പി ആർ ഇളങ്കോയുടെ അനുമാനം കൃത്യമായിരുന്നു.  മൂന്നു വർഷം മുമ്പ്‌ കണ്ണൂർ  കണ്ണപുരത്ത്‌ എടിഎം കൊള്ളയടിച്ച ശേഷം കണ്ടയ്‌നറിലാണ്‌ സംഘം രക്ഷപ്പെട്ടത്‌.  സമാന  സാധ്യതയും തമിഴ്‌നാടിനെ അറിയിച്ചു.  മണ്ണുത്തി, കുതിരാൻ പ്രദേശത്ത്‌ സംശയാസ്‌പദമായ സാഹചര്യത്തിൽ   കണ്ടെയ്‌നർ കണ്ട വിവരവും  ഈ വാഹനം പുലർച്ചെ 5.30ന്‌ വാളയാർ കടന്ന വിവരവും കൈമാറി.   ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്‌നർ ലോറികൾ തമിഴ്‌നാട്‌ പൊലീസ്‌ പരിശോധിച്ചു. നാലാമത്തെ കണ്ടെയ്‌നർ  തടഞ്ഞപ്പോഴാണ്‌ പൊലീസിനെ വെട്ടിച്ച്‌ കടന്നത്‌.   ഈ കണ്ടെയ്‌നർ മറ്റു വാഹനങ്ങളിൽ ഇടിച്ച്‌ നിർത്താതെ പോയി.   12 കിലോമീറ്റർ പിന്തുടർന്നാണ്‌ തമിഴ്‌നാട്‌ പൊലീസ്‌ കൊള്ളസംഘത്തെ പിടികൂടിയത്‌. Read on deshabhimani.com

Related News