അംഗീകൃത ശേഷിയെക്കാൾ തടവുകാരെ പാർപ്പിക്കുന്നത് നിയമ വിരുദ്ധം: മനുഷ്യാവകാശ കമീഷൻ
തൃശൂർ അംഗീകൃത ശേഷിയെക്കാൾ ഇരട്ടിയോളം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സെൻട്രൽ ജയിലിലുള്ള 43 ഉദ്യോഗസ്ഥരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അന്തേവാസികളെ ആശുപത്രിയിലേക്കും കോടതികളിലേക്കും കൊണ്ടുപോകുന്നതിനാവശ്യമായ പൊലീസ് എസ്കോർട്ട് ലഭിക്കാത്തത് കമീഷൻ ഗൗരവമായി കാണും. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ ഡയറക്ടർ ജനറലും കലക്ടറും ജില്ലാ പൊലീസ് മേധാവിയും സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പരാതി ജനുവരി 23ന് പരിഗണിക്കും.ഡയറക്ടർ ജനറൽ ഓഫ് പ്രിസണും ജില്ലാ പൊലീസ് മേധാവിയും നിയോഗിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 23 ന് നടക്കുന്ന സിറ്റിങ്ങിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സക്കീർ അലിക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് മകനും എറണാകുളം പുത്തൻകുരിശ് സ്വദേശിയുമായ ആഷിക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. തടവുകാരന് യഥാസമയം ചികിത്സ നൽകാറുണ്ടെന്നും എന്നാൽ എല്ലാ തടവുകാരെയും കൃത്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് എസ്കോർട്ട് ലഭിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ ഓരോ ബ്ലോക്കുകളിലും നൂറിലേറെപേർ തിങ്ങി പാർക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എൻഐഎ തടവുകാർ, മാവോയിസ്റ്റുകൾ, സ്ഥിരം കുറ്റവാളികൾ, മാനസികരോഗികൾ എന്നിവർക്ക് നിരന്തര നിരീക്ഷണം ആവശ്യമാണ്. ഇതിനുള്ള ജീവനക്കാരെയാണ് ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ അംഗീകൃതശേഷി 553 ആണ്. എന്നാൽ ഏകദേശം 1068 അന്തേവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി അന്തേവാസികൾ ജയിലിലുണ്ട്. ജയിലിലെ ഉദ്യോഗസ്ഥരുടെ അംഗീകൃതശേഷി 160 ആണ്. എന്നാൽ 117 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com