വാക്‌സ്‌ ഗോൾഡ് കവർച്ച:
പ്രതി അറസ്റ്റിൽ



തൃശൂർ തൃശൂരിൽ ലോഡ്‌ജിൽ രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ്‌ ഗോൾഡും പണവും കവർന്ന കേസിലെ ഒരാൾ കൂടി പിടിയിൽ. മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയായ കരിയന്റെ പുരയ്‌ക്കൽ വീട്ടിൽ റഷീദിനെ (31)യാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്‌.  ഈ കേസിലെ ആറു പ്രതികളെ മുമ്പ്‌ അറസ്റ്റ് ചെയ്തിരുന്നു. 2024 ജൂലൈ 23ന്‌ തൃശൂരിലെ ഒരു ലോഡ്‌ജിൽ വച്ചാണ്‌ ആലുവ സ്വദേശികളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച്  പ്രതികൾ വാക്‌സ്‌ ഗോൾഡും പണവും കവർന്നത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് തിരൂർ പൊലീസ് സ്റ്റേഷനിൽ രണ്ടും ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്‌. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ നിർദേശാനുസരണം തൃശൂർ അസിസ്റ്റന്റ്‌ കമീഷണർ സലീഷ് ശങ്കരന്റെ നേത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.  തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എം ജെ ജിജോ, സ്‌പെഷ്യൽ അന്വേഷണ സംഘത്തിലെ  അസിസ്റ്റന്റ്‌ സബ് ഇൻസ്‌പെക്ടർ മഹേഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്‌മൽ, രഞ്ജു, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.   Read on deshabhimani.com

Related News