ശ്രീകണ്‌ഠൻ പ്രസിഡന്റായിട്ടും ഡിസിസിക്ക്‌ വിലയില്ല



തൃശൂർ ജോസ്‌ വള്ളൂരിനെ  നീക്കി വി കെ  ശ്രീകണ്‌ഠൻ ഡിസിസി പ്രസിഡന്റായിട്ടും കോൺഗ്രസിൽ തമ്മിലടി രൂക്ഷം. പാവറട്ടി സഹകരണ ബാങ്കിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കെപിസിസി നിർദേശപ്രകാരം ഡിസിസിയുടെ  പ്രഖ്യാപിച്ച മൂന്ന്‌ സ്ഥാനാർഥികൾ വൻ പരാജയം നേരിട്ടു. ഡിസിസി പുറത്താക്കിയവർ വിജയിക്കുകയും ചെയ്‌തു.   ജോസ്‌ വള്ളൂരിന്റെ കാലത്ത്‌ നടത്തറ സർവീസ്‌ സഹകരണ ബാങ്ക്‌, പീച്ചി സഹകരണ ബാങ്ക്‌, അന്തിക്കാട്‌  ബ്ലോക്ക്‌ ഹൗസിങ്‌ സഹകരണ സംഘം തുടങ്ങി പല സഹകരണ ബാങ്കുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളിലും ഡിസിസി പാനലുകൾ പരാജയപ്പെട്ടിരുന്നു.  വി കെ ശ്രീകണ്‌ഠൻ ചുമതലയേറ്റിട്ടും  ഡിസിസി തീരുമാനത്തിന്‌ പുല്ലുവിലയാണെന്ന്‌ പാവറട്ടി തെളിയിക്കുന്നു.  പറവറട്ടി ബാങ്കിൽ ഡിസിസി അംഗീകരിച്ച പാനലിലെ സുനിത ബാബു, പി വി കുട്ടപ്പൻ, ബെർട്ടിൻ ചെറുവത്തൂർ എന്നിവരാണ്‌  തോറ്റത്‌. സിന്ധു അനിൽകുമാർ, ഷിജു വിളക്കുംപാടം, എ സി വർഗീസ്‌ എന്നിവരാണ്‌ ഡിസിസിയെ വെല്ലുവിളിച്ച്‌ ജയിച്ചത്‌.  ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ സലാം വെൺമേനാടിന്റെ നേതൃത്വത്തിലാണ്‌ ബദൽ പാനലുമായി മുന്നോട്ടുപോയത്‌.  ഇക്കാരണത്താൽ  സലാമിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.  എന്നാൽ  പാനൽ വിജയം നേടിയതോടെ  ഡിസിസിക്ക്‌ വിലയില്ലാതായി.  ജില്ലയിലെ സഹകരണ ബാങ്കുകൾ ചില വ്യക്തികളുടെ സാമ്രാജ്യമായി മാറിയിരിക്കയാണെന്നാണ്‌ പ്രവർത്തകരുടെ ആക്ഷേപം.  വർഷങ്ങളായി ഇവർ ബാങ്ക്‌ ഭരണസമിതിയിലും പ്രസിഡന്റ്‌ സ്ഥാനത്തും തുടരുകയാണ്‌. നിയമനങ്ങളിൽ ഉൾപ്പെടെ വൻ അഴിമതികളാണ്‌  നടത്തുന്നത്‌. നേതാക്കളുടെ ബിനാമികളാണ്‌  സ്ഥാനാർഥികൾ. പലപ്പോഴും ഡിസിസി നേതൃത്വം ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഇതോടെയാണ്‌ ബദൽ പാനലുകൾ രൂപപ്പെടുന്നത്‌. Read on deshabhimani.com

Related News