അകമല പട്ടാണിക്കാട് ഭീതിവിതച്ച് ഒറ്റയാൻ
വടക്കാഞ്ചേരി അകമല - പട്ടാണിക്കാട് ജനവാസ മേഖലയിൽ ഒറ്റയാന്റെ ചുറ്റിക്കറങ്ങൽ ഭീതി വിതയ്‌ക്കുന്നു. ഞായർ രാത്രി 11 ഓടെയാണ് കാട്ടാന പ്രദേശത്തിറങ്ങിയത്. പറമ്പുകളിലെ ഇഞ്ചി, മഞ്ഞൾ, കപ്പ, തെങ്ങ്, കവുങ്ങ് തുടങ്ങിയവ ചവിട്ടിമെതിച്ചും, ഭക്ഷിച്ചും പുലർച്ചെ വരെ ആന പ്രദേശത്ത് നിലയുറപ്പിച്ചു. സംഭവമറിഞ്ഞ് വനം വകുപ്പ് ജീവനക്കാരെത്തി പടക്കം പൊട്ടിച്ച് ആനയെ തിരിച്ചുവിട്ടു. കാട്ടാന മറിച്ചിടുന്ന തെങ്ങുകൾ വൈദ്യുതി പോസ്റ്റുകളിലേക്ക് വീണ് വൈദ്യുതിക്കമ്പി പൊട്ടി ഇവിടുത്തെ വൈദ്യുതിബന്ധവും തകരാറിലാണ്. തിങ്കൾ പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു പോകുന്ന പ്രദേശവാസികളിലൊരാൾ ഒറ്റയാനെ കണ്ടു. മൂശാരിത്തടത്തിൽ ബാബു, മൂശാരിത്തടത്തിൽ പ്രഭാകരൻ നായർ എന്നിവരുടെ കൃഷിയിടത്തിലും ആന നാശനഷ്‌ടങ്ങളുണ്ടാക്കി. Read on deshabhimani.com