ചരക്കെത്തി; 
ആധിയില്ലാതെ ഓണമുണ്ണാം

കൺസ്യൂമർഫെഡിന്റെ അടാട്ട്‌ ജില്ലാ ഗോഡൗണിൽ ചരക്കിറക്കുന്നു


തൃശൂർ ഓണവിപണിയിലെ വില വർധനവ്‌ തടയാൻ സംസ്ഥാന സർക്കാർ സഹായത്തോടെ  സഹകരണവകുപ്പ്‌ കീഴിലെ കൺസ്യൂമർഫെഡ്‌ ജില്ലയിൽ 143 ഓണം വിപണികൾ തുറക്കും. ഓണം വിപണിയിലേക്കുള്ള ചരക്കുകൾ കൺസ്യൂമർഫെഡ്‌ ജില്ലാ ഗോഡൗണിലേക്ക്‌ എത്തി തുടങ്ങി. നിശ്‌ചിത അളവനുസരിച്ച്‌ വരും ദിവസങ്ങളിൽ സംഘങ്ങളിലേക്ക്‌ വിതരണം ചെയ്യും.  ജില്ലയിൽ കൺസ്യൂമർഫെഡിന്‌ കീഴിലെ 13 ത്രിവേണിക്കു പുറമെ സഹകരണ സംഘം നടത്തുന്ന 130 വിപണന കേന്ദ്രവും തുറക്കും. 13 ഇനങ്ങൾ സർക്കാർ സബ്സിഡിയോടെ റേഷൻ കാർഡ് വഴി ജനങ്ങൾക്ക്‌ വിതരണം ചെയ്യും. 500 രൂപയോളം വിലക്കിഴിവ്‌ ലഭിക്കും. സബ്‌സിഡിയില്ലാത്ത ഭക്ഷ്യവസ്‌തുക്കളും മറ്റു  ഉൽപ്പന്നങ്ങളും വിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. സെപ്തംബർ ഏഴുമുതൽ 14 വരെ ഒരാഴ്ചയാണ്‌ വിപണി. സഹകരണ സംഘങ്ങളുടെ പച്ചക്കറി ചന്തകളും  തുറക്കുന്നതോടെ ജനങ്ങൾക്ക്‌ ആശ്വാസകരമാവും. സഹകരണ ഓണം വിപണിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺസ്യൂമർഫെഡ്‌ ഡയറക്ടർ കെ വി നഫീസ, സഹകരണവകുപ്പ്‌ ജോ. ഡയറക്ടർ ജൂബി ടി കുര്യക്കോസ് എന്നിവർ അറിയിച്ചു.  സംസ്ഥാനത്ത്‌ 1500 സഹകരണ വിപണികളാണ്‌ തുറക്കുന്നത്‌. 250 കോടിയുടെ വിപണി ഇടപെടൽ കൺസ്യൂമർഫെഡ് നടത്തും. 50 കോടിയുടെ സബ്സിഡി പൊതുജനങ്ങൾക്ക് ലഭിക്കും.  Read on deshabhimani.com

Related News