കോൺഗ്രസ്‌ ഔദ്യോഗിക
പാനലിന്‌ തോൽവി



തൃശൂർ പുത്തൻചിറ കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മിൽ ഭരണസമിതി തെരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ടി യു രാധാകൃഷ്ണൻ‌ നേതൃത്വം നൽകിയ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക പാനലിന് കനത്ത തോൽവി. നിലവിലെ ചെയർമാൻ ടി യു രാധാകൃഷ്ണന്റെയും  കൂട്ടാളികളുടെയും അഴിമതിക്കെതിരെ മത്സരിച്ച  വിമതവിഭാ​ഗത്തിലെ ടി പി കൊച്ചാപ്പു (78), ജിബുജോൺ (73), പി കെ ജോസ് (75), കെ കെ പുഷ്കരൻ (72), ജെസി പോൾസൺ (76) എന്നിവരാണ് വിജയിച്ചത്. ടി യു രാധാകൃഷ്ണന് 50 വോട്ട് മാത്രമാണ് ലഭിച്ചത്. ഔദ്യോഗിക പാനലിലെ എല്ലാവരും പരാജയപ്പെട്ടു. ഔ​ദ്യോ​ഗികപക്ഷത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മില്ലിന് ആറുകോടിയുടെ ബാധ്യതയുണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന നോട്ടീസ് വിമതപക്ഷം വിതരണം ചെയ്തിരുന്നു. 20,000 രൂപ ഓണറേറിയമുള്ള ചെയർമാൻ കമ്പനി വക വാഹനമുണ്ടായിരിക്കേ, 22,000 രൂപ ഡ്രൈവർ അലവൻസും 15,000 രൂപ ഡീസൽ അലവൻസും സിറ്റിങ് ഫീസും ഉൾപ്പെടെ 60 ലക്ഷം രൂപ കൈപ്പറ്റി. അഴിമതി എളുപ്പമാക്കാൻ പർച്ചേസ് ആൻഡ് സെയിൽസ് കമ്മിറ്റിയിൽ സ്ഥിരം ജീവനക്കാരെയും ഭരണസമിതി അം​ഗങ്ങളെയും ഉൾപ്പെടുത്തിയില്ല. മോശം പഞ്ഞിവാങ്ങുന്നതിനെതിരെയും അഴിമതിക്കെതിരെയും പ്രതികരിച്ച തൊഴിലാളികൾക്കെതിരെ നടപടിയെടുത്തു. മാനസിക–- ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കി. ഇതെല്ലാം തുറന്നുകാട്ടിയായിരുന്നു വിമതരുടെ പ്രചാരണം.  2017ൽ ഈ സ്പിന്നിങ് മില്ലിൽ യന്ത്രങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിൽ മില്ലിന്റെ മുൻ ചെയർമാൻമാരായ മുൻമന്ത്രി സി എൻ ബാലകൃഷ്ണൻ, മുൻ എംഎൽഎ പി എ മാധവൻ ഉൾപ്പെടെയുള്ളവർക്കെതിരെ തൃശൂർ വിജിലൻസ് കേസെടുത്തിരുന്നു. അന്ന് ചെയർമാനായിരുന്ന ടി യു രാധാകൃഷ്ണനും കേസിലെ പ്രതിയായിരുന്നു. Read on deshabhimani.com

Related News