മണലിപ്പുഴ കരകവിഞ്ഞു കൈനൂർ ഗ്രാമം ഒറ്റപ്പെട്ടു
ഒല്ലൂർ മണലിപ്പുഴ കരകവിഞ്ഞതോടെ കൈനൂർ ഗ്രാമം വെള്ളത്തിൽ ഒറ്റപ്പെട്ടു. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെയാണ് മണലിപ്പുഴ കരകവിഞ്ഞത്. ഇതോടെ കൈനൂർ, പുഴമ്പള്ളം ഗ്രാമങ്ങൾ വെള്ളത്തിലായി. മണ്ണാവ്, കാഞ്ഞാണിത്തോപ്പ്, കാലടി, തെങ്ങിൻതറ എന്നീ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ആറ് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പുത്തൂർ ഗവ. സ്കൂൾ, മരത്താക്കര എൽപി സ്കൂൾ, എളംതുരുത്തി പി സി തോമസ് കോച്ചിങ് സെന്റർ, കൈനൂർ ശിവക്ഷേത്ര ഓഡിറ്റോറിയം, എൻഎസ്‌എസ് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്. പുത്തൂർ പഞ്ചായത്ത് ഒന്നാം വാർഡായ കൈനൂർ ഗ്രാമത്തെ ബന്ധിപ്പിക്കുന്ന നടത്തറ മൂർക്കനിക്കരയിലും പുത്തൂർ റോഡിലും വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സമായതോടെ 500 ഓളം വീട്ടുകാർ ഒറ്റപ്പെട്ടു. വൈദ്യുതി വിതരണവും നിലച്ചു. ഇവിടെ 200 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ പുത്തൂർ ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പുഴമ്പള്ളം പ്രദേശത്തെ പുഴയുടെ ഇരുകരയിലുമായി മുപ്പതോളം വീടുകളിൽ വെള്ളം കയറി. മണ്ണാവ് മേഖലയിൽ 25 ഓളം വീടുകളും വെള്ളത്തിലായി. വീട്ടുകാർ മരത്താക്കരയിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കോതോർ കോളനി പ്രദേശത്തെ വീട്ടുകാരെ പുത്തുർ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. 2018-ൽ ഉരുൾപൊട്ടിയ കിഴക്കൻ മലയോര മേഖലയായ ചിറ്റക്കുന്നിന്റെ അടിവാരത്തെ വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറി. Read on deshabhimani.com