ശ്രീകണ്‌ഠൻ നിഴൽ പ്രസിഡന്റ്
തൃശൂർ തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി കെ ശ്രീകണ്ഠനെതിരെ ജില്ലയിലെ കോൺഗ്രസ് ഭാരാവാഹികൾ നേതൃത്വത്തിന് പരാതി നൽകി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് ഈ മെയിലിലൂടെയാണ് വെള്ളിയാഴ്‌ച പരാതി നൽകിയത്. ബിജെപിയ്ക്ക് വോട്ട് മറിച്ച് മുരളീധരനെ തോൽപ്പിക്കാൻ നേതൃത്വം നൽകിയ നാൽവർ സംഘത്തിനൊപ്പം ചേർന്നാണ് ശ്രീകണ്ഠൻ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, എം കെ അബ്ദുൾ സലാം, ഷാജി കോടങ്കണ്ടത്ത്, എ പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് എന്നിവർ പരാതി നൽകിയത്. സുരേഷ്‌ഗോപിയുടെ വിജയത്തിന് കാരണകാരായ ജോസ് വള്ളൂർ, എം പി വിൻസെന്റ്, ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവരുടെ ചൊൽപ്പടിയ്‌ക്ക് തുള്ളുന്ന ആളായി ശ്രീകണ്ഠൻ മാറി. എംപി കൂടിയായ ശ്രീകണ്ഠന് മുഴുവൻ സമയ പ്രസിഡന്റാകാൻ കഴിയുന്നില്ല. ഈ സാഹചര്യം കൂടി ഉപയോഗപ്പെടുത്തി ഇവരാണ് ഡിസിസിയുടെ ഭരണം നടത്തുന്നത്. നിഴൽ പ്രസിഡന്റായ ശ്രീകണ്ഠൻ വേണ്ടെന്നാണ് ആവശ്യം. ഗ്രൂപ്പുകൾക്ക് അതീതമായി ശ്രീകണ്‌ഠനും സംഘത്തിനുമെതിരെ സംഘടിക്കാൻ ഇവരുടെ തീരുമാനം. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ കൂടി പിന്തുണയിലാണ് പുതിയ നീക്കം. ബുധനാഴ്‌ച കലക്ടറേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്‌തത് ടി എൻ പ്രതാപനായിരുന്നു. തൃശൂരിലെ തോൽവിയിൽ കെപിസിസി സമിതി പ്രതാപനെതിരെ നടപടിക്ക് നിർദേശിച്ചിട്ടുണ്ട്. ജില്ലാ കോൺഗ്രസിന്റെ പരിപാടിയിൽ വൈസ് പ്രസിഡന്റാണ് സ്വാഗതം പറയാറ്. എന്നാൽ സ്വാഗതം പറഞ്ഞത് ജോസ് വള്ളൂരാണ്. എം പി വിൻസെന്റിനെയാണ് നന്ദി പറയാനായി തീരുമാനിച്ചിരുന്നത്. ഇവർക്കതിരെയല്ലാം സമിതി നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്. ജോസ് വള്ളൂരിനെ സ്വാഗതം പറയാൻ നിയോഗിച്ചതിൽ വേദിയിൽ തന്നെ എം പി ജാക്‌സൺ ശ്രീകണ്ഠനുമായി വാക്കുതർക്കമുണ്ടായി. പരിപാടിക്ക് ശേഷം മുതിർന്ന നേതാക്കളായ ഒ അബ്ദുൾ റഹ്മാൻ കുട്ടി, പി എ മാധവൻ, ടി വി ചന്ദ്രമോഹൻ, എം കെ പോൾസൺ, ജോസഫ് ചാലിശ്ശേരി എന്നിവർ ശ്രീകണ്ഠനെ കണ്ട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. Read on deshabhimani.com