ഈ വഴിപാടിൽ തെളിയും കളിവിളക്കും ജീവിതങ്ങളും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നു.(ഫയല്‍ ചിത്രം).


ഗുരുവായൂർ മൂന്ന്‌ മാസത്തെ ഇടവേളയ്‌ക്കുശേഷം ഗുരുവായൂരിൽ ഞായറാഴ്‌ച കൃഷ്‌ണനാട്ടം. ഒരേസമയം തെളിഞ്ഞ കലയും അതോടൊപ്പം വഴിപാടുമാണ്‌ ഗുരുവായൂരിലെ കൃഷ്‌ണനാട്ടം. കഥകളിയും കൂടിയാട്ടവും പോലെ കഠിന പരിശീലനം ആവശ്യമായ ഈ കലാരൂപത്തിന്‌ ഗുരുവായൂർ ദേവസ്വത്തിന്റെ പ്രത്യേക കളരി തന്നെയുണ്ട്‌. കളരിയിലെ കലാകാരന്മാർക്ക്‌  ജൂൺ അവധിയാണ്. ജൂലൈ,ആ​ഗസ്‌ത്‌ മാസങ്ങളിൽ ഉഴിച്ചിൽ, കച്ചകെട്ടഭ്യാസം എന്നിവ നടക്കും. നല്ല മെയ് വഴക്കവും അഭ്യാസവും സ്വായത്തമാക്കിയേ  തട്ടിൽ കയറാനാകൂ.   സെപ്‌തംബർ ഒന്നിനാണ് കളി ആരംഭിക്കുക.   നിലവിൽ 50 ഓളം വരുന്ന കൃഷ്ണനാട്ട കലാകാരന്മാരും 10 ട്രെയിനികളും പെട്ടിക്കാരുമടക്കം  72 പേരുണ്ട്‌. വർഷത്തിൽ 9 മാസമാണ് കളി അവതരണം. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  പൊതു വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം സൗകര്യമൊരുക്കുന്നുണ്ട്.   അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിങ്ങനെ എട്ടു കഥകൾ ഒമ്പതു ദിവസമായിട്ടാണ്‌ അവതരിപ്പിക്കുന്നത്. സ്വർഗാരോഹണം അവതരിപ്പിച്ചാൽ അവതാരംകൂടി അവതരിപ്പിക്കണമെന്നാണ് വിശ്വാസം.  സ്വർഗാരോഹണം കഥയ്ക്ക് 3300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണ്‌ നിരക്ക്. ഭക്തകവിയായിരുന്ന  കോഴിക്കോട് സാമൂതിരി മാനവേദരാജയാണ്  കൃഷ്ണനാട്ടത്തിന്റെ കവിതാരൂപമായ കൃഷ്ണഗീതി രചിച്ച്  ചിട്ടപ്പെടുത്തിയത്‌. 371 വർഷം മുമ്പ്‌, മലയാള വർഷം 829 തുലാം 30ന് മാനവേദ രാജ  കൃഷ്ണഗീതി ഗുരുവായൂരിൽ സമർപ്പിച്ചെന്നാണ് വിശ്വാസം. നടയടച്ച ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണ്  കൃഷ്ണനാട്ടം  അരങ്ങേറുക.  വിജയദശമി മുതൽ ഒമ്പതു ദിവസങ്ങളിലായി  എട്ട്‌ കഥകൾ ഒരുമിച്ച്‌ അവതരിപ്പിക്കുന്ന  അരങ്ങ്കളിയുമുണ്ട്‌.  ആദ്യകാലത്ത്  ​ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമായിരുന്നു ഇപ്പോൾ  ഡൽഹിയിലെ ആർ കെ പുരം, ഉത്തര ​ഗുരുവായൂർ എന്നീ ശ്രീകൃഷ്ണ  ക്ഷേത്രങ്ങളിൽ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നുണ്ട്‌. ​   ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത,  എന്നിവിടങ്ങളിലും  അമേരിക്ക, സിം​ഗപ്പൂർ എന്നിവിടങ്ങളിലും  കൃഷ്ണനാട്ടം അവതരിപ്പിച്ചിട്ടുണ്ട്. Read on deshabhimani.com

Related News