വനംവകുപ്പ് പരിശോധന നടത്തി ജെസിയില്‍ വീണ്ടും കടുവ; പ്രദേശം ഭീതിയിൽ



  മാനന്തവാടി നഗരസഭാ പരിധിയിലെ ജെസിയിൽ വീണ്ടും കടുവാഭീതി. ജെസി എസ്‌റ്റേറ്റിൽ തിങ്കൾ രാവിലെ തൊഴിലാളികൾ കടുവയെ നേരിൽ കണ്ടു. എസ്‌റ്റേറ്റ് ഗ്രൗണ്ടിന് സമീപം റാട്ടക്കൊല്ലിയിൽ തേയിലച്ചെടികൾക്ക്‌ മരുന്നടിക്കാനായി പോയ യുവാക്കളായ തൊഴിലാളികളാണ്‌ കടുവയെ കണ്ടത്‌.  ബഹളംവച്ചതോടെ കടുവ തോട്ടത്തിന്റെ  ചെരിവിലേക്ക് ഓടി മറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവുമെത്തി  പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും  കണ്ടെത്താനായില്ല. നേരത്തെ പലതവണ ഇവിടെ കടുവ എത്തിയിരുന്നു. രണ്ടുവർഷം മുമ്പ്‌ ഒന്നിനെ എസ്‌റ്റേറ്റ്‌ പരിസരത്തുനിന്ന്‌ പിടികൂടി. ഒരുമാസത്തിനിടെ മൂന്നാം തവണയാണ്‌ കടുവയെ ആളുകൾ നേരിട്ട്‌ കാണുന്നത്‌.  കടുവക്കായി പരിശോധന തുടരുമെന്നും രാത്രികാല പട്രോളിങ് നടത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപ പ്രദേശങ്ങളായ മണിയൻകുന്ന്‌, ചിറക്കര, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലും കടുവാ ഭീഷണിയുണ്ട്‌. നേരത്തെ മണിയൻകുന്നിലും ചിറക്കരയിലും കടുവ വളർത്തുമൃഗങ്ങളെ കൊന്നു. രണ്ടിടത്തും കൂട്‌ വച്ചെങ്കിലും പിടികൂടാനായില്ല.  ദിവസങ്ങളോളം കൂടൊരുക്കി കാത്തിരുന്നു. ജെസിയിൽ വീണ്ടും കടുവ എത്തിയതോടെ ഭീതി വർധിച്ചു. തോട്ടം തൊഴിലാളികൾ ഭയത്തോടെയാണ്‌ ജോലി ചെയ്യുന്നത്‌. തോട്ടത്തിനുള്ളിൽ കടുവ പതുങ്ങിയിരുന്നാൽ കാണാൻ കഴിയില്ല.  കടുവയെ കൂടുവച്ച്‌ പിടികൂടി തൊഴിലാളികളുടെയും  നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന്‌   ഡിവിഷൻ കൗൺസിലർ ഉഷാ കേളു ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News