മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ ശസ്‌ത്രക്രിയക്ക് തുടക്കം
മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ശസ്‌ത്രക്രിയ ആരംഭിച്ചു. ചൊവ്വാഴ്‌ച കാത്ത്‌ലാബിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട രോഗിക്ക് ആൻജിയോപ്ലാസ്റ്റി നടത്തി. സൂപ്രണ്ട് ഡോ. വി പി രാജേഷിന്റെ ഏകോപനത്തിൽ ഡോ. പ്രജീഷ് ജോൺ, ഡോ. എ ജി ശ്രീജിത്ത്, ഡോ. നയിം എന്നിവരുടെ നേതൃത്വത്തിലായിരുന്ന ശസ്ത്രക്രിയ. രോഗി സുഖംപ്രാപിച്ചുവരുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ആൻജിയോഗ്രാം ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് എട്ട് കോടി രൂപയും ഒ ആർ കേളു എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽനിന്ന് 2.67 കോടി രൂപ വിനിയോഗിച്ച് എക്കോ, ടിഎംടി മെഷിനുകൾ, ഹോൾട്ടർ മോണിറ്ററിങ് സംവിധാനവും സജ്ജമാക്കി. അസി. പ്രൊഫസറടക്കം മൂന്ന് ഹൃദ്രോഗ വിദഗ്ധന്റെ സേവനമാണിപ്പോഴുള്ളത്. ചൊവ്വയും വ്യാഴവുമാണ് ഹൃദ്രോഗ ഒപി. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവുമുണ്ട്. കാത്ത്‌ലാബ് സിസിയുവിൽ ഏഴ് കിടക്കകളാണുള്ളത്. മികച്ച ആരോഗ്യകേന്ദ്രമാക്കി മാറ്റും ജില്ലയിലെ ആരോഗ്യമേഖലയ്‌ക്ക് അഭിമാനമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ ശസ്‌ത്രക്രിയ. കാത്ത് ലാബ് പൂർണ സജ്ജമാക്കുന്നതിന് നിരന്തര ഇടപെടലുകൾ നടത്തുന്നുണ്ട്. ഏറ്റവും മികച്ച ആരോഗ്യകേന്ദ്രമാക്കി മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെ മാറ്റുകയാണ് ലക്ഷ്യം. മന്ത്രി ഒ ആർ കേളു Read on deshabhimani.com