നെന്മേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു; വൈസ്‌ പ്രസിഡന്റും മാറണമെന്ന്‌ ആവശ്യം



  ബത്തേരി കോൺഗ്രസ്‌ നേതൃത്വത്തിന്റെ സമ്മർദത്തിൽ നെന്മേനിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു. മൂന്നേമുക്കാൽ കൊല്ലമായി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്ന അഞ്ചാം വാർഡ്‌ അംഗം ഷീല പുഞ്ചവയലാണ്‌ തിങ്കൾ വൈകിട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി എ ബി ലതികക്ക്‌ രാജിക്കത്ത്‌ നൽകിയത്‌.  ഒരു വർഷമായി പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ പഞ്ചായത്ത്‌ ഭരണത്തിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു.  ആദിവാസി വനിതക്ക്‌ സംവരണം ചെയ്‌തതാണ്‌ പ്രസിഡന്റ്‌ സ്ഥാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റ്‌ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കമായി. ഷീലയും പതിനഞ്ചാം വാർഡ്‌  അംഗമായ ബിന്ദു അനന്തനും പ്രസിഡന്റ്‌ സ്ഥാനത്തിന്‌ രംഗത്തെത്തി.  തർക്കങ്ങൾക്കൊടുവിൽ ഷീല പുഞ്ചവയലിനെ പ്രസിഡന്റാക്കി. ഭരണം രണ്ടര വർഷം പിന്നിട്ടതോടെ  ബിന്ദു അനന്തൻ പ്രസിഡന്റ്‌ സ്ഥാനം ആവശ്യപ്പെട്ടു.  കൈമാറാൻ ഷീല തയ്യാറാകാതായതോടെ തർക്കം രൂക്ഷമായി. ബിന്ദു അനന്തനെ പ്രസിഡന്റാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന ലോക്‌സഭാ  ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സഹകരിക്കില്ലെന്ന്‌ ഒരുവിഭാഗം നിലപാടെടുത്തു. ഇതോടെ ഡിസിസി നേതൃത്വം വെട്ടിലായി. ഷീല പുഞ്ചവയലിനോട്‌ രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച ഇവരെ പാർടിയിൽനിന്ന്‌ പുറത്താക്കുമെന്ന്‌ നേതാക്കൾ ഭീഷണി മുഴക്കി.    ഇതോടെ തിങ്കൾ വൈകിട്ട്‌ ഷീല പുഞ്ചവയൽ  പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജിക്കത്ത്‌ കൈമാറി.  മുൻ ധാരണ പ്രകാരം വൈസ്‌ പ്രസിഡന്റ്‌ ടിജി ചെറുതോട്ടിലും രാജിവയ്‌ക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഒരു വിഭാഗവും ഉയർത്തുന്നുണ്ട്‌. ക്ഷേമകാര്യ ചെയർമാൻ സ്ഥാനം ആറുമാസം മുമ്പ്‌ വി ടി ബേബിക്ക്‌ വേണ്ടി ഒഴിഞ്ഞ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ശശിയാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തിന്‌ അവകാശവാദം ഉന്നയിച്ചത്‌. കോൺഗ്രസിന്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമുള്ള പഞ്ചായത്താണ്‌ നെന്മേനി. Read on deshabhimani.com

Related News