സുരേഷിന്റെ കടയ്‌ക്ക് ലൈസൻസ് ഉപജീവനത്തിന് ഉത്തരം
ബത്തേരി ‘കട പൂട്ടിയാൽ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന ചോദ്യത്തിനാണ് അദാലത്തിലൂടെ ഉത്തരമായത്. 16 വർഷം മുമ്പ് അച്ഛനായി തുടങ്ങിയ കടയാണ്. സാങ്കേതിക തടസ്സംമാറി ലൈസൻസ് കിട്ടിയില്ലെങ്കിൽ ഉപജീവനം മുടങ്ങുമായിരുന്നു. ജീവിതപ്രശ്‌നത്തിന് വേഗത്തിൽ പരിഹാരംകണ്ട സർക്കാരിന് നന്ദിയുണ്ട്’–- വീടിനോട് ചേർന്നുള്ള കടയ്‌ക്ക് തദ്ദേശ അദാലത്തിലൂടെ ലൈസൻസ് ലഭിച്ചപ്പോൾ പൂമല കൃഷ്ണപൊയിൽ വീട്ടിൽ സുരേഷിനും നിറഞ്ഞ ആശ്വാസം. ഉപജീവന മാർഗമായ ചായക്കട ലൈസൻസില്ലാതെ പൂട്ടേണ്ടി വരുമെന്നായപ്പോൾ പരിഹാരം തേടിയെത്തിയതായിരുന്നു സുരേഷ്. അദാലത്തിനെത്തി പത്ത് മിനിറ്റിനുള്ളിലാണ് സാങ്കേതിക കാരണങ്ങളാൽ ആറുമാസമായി മുടങ്ങിയ ലൈസൻസ് സുരേഷിന്റെ കൈകളിലേക്ക് മന്ത്രി എം ബി രാജേഷ് കൈമാറിയത്. പൂമലയിലെ മൂന്നര സെന്റിലെ വീടിനോട് ചേർന്ന് 16 വർഷമായി കെ എസ് ടീ സ്റ്റാൾ നടത്തുകയാണ് സുരേഷും കുടുംബവും. ലൈസൻസ് പുതുക്കാൻ നഗരസഭയിലെത്തിയപ്പോൾ ‘കെ സ്‌മാർട്ടിൽ’ വന്നമാറ്റങ്ങൾ സാങ്കേതിക തടസ്സമായി. ഗാർഹികാവശ്യത്തിനുള്ള കെട്ടിടം വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നതായിരുന്നു പ്രതിസന്ധി. സംസ്ഥാനത്താകെ പതിനായിരങ്ങൾ ഇത്തരത്തിൽ വീടിന്റെ കെട്ടിടത്തിൽതന്നെ ചെറുകിട സംരംഭത്തിലൂടെ ഉപജീവനം കണ്ടെത്തുന്നുവെന്ന പരിഗണനയിലാണ് അതിവേഗ പരിഹാരമുണ്ടായത്. Read on deshabhimani.com