ദുരിതക്കടൽ കടന്നവരെ ചേർത്തുനിർത്തി ബൃന്ദ
കൽപ്പറ്റ ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളും മക്കളും നഷ്ടമായി ഒറ്റപ്പെട്ടുപോയവർ. തലപിളർന്നുപോയ ഗുരുതര പരിക്കിനെ അതിജീവിച്ചവർ. ദുരന്തത്തിന്റെ ഏറ്റവും ഭീതിദമായ അനുഭവത്തെ അതിജീവിച്ച ജനതക്ക് ആശ്വാസമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ സ്‌നേഹസന്ദർശനം. മേപ്പാടി ചെമ്പോത്തറയിൽ നടന്ന സംഗമത്തിൽ, കുടുംബാംഗങ്ങൾ നഷ്‌ടപ്പെട്ട് ഒറ്റപ്പെട്ടുപോയവരെ കേൾക്കാനും ആവശ്യങ്ങൾ ചോദിച്ചറിയാനുമാണ് ബൃന്ദ എത്തിയത്. ദുരന്തത്തിൽ ഉപ്പയും ഉമ്മയും സഹോദരിയും നഷ്‌ടമായി ഒറ്റപ്പെട്ടുപോയ ആറുവയസ്സുകാരി സിത്താരത്തുൽ മുൻതഹ മുതൽ ഭർത്താവും രണ്ടുമക്കളും നഷ്‌ടപ്പെട്ട് തലയ്‌ക്കേറ്റ ഗുരുതര പരിക്ക് അതിജീവച്ചെത്തിയ ചിറ്റിലപ്പള്ളിയിൽ റജീന ജോണി ഉൾപ്പെടെയുള്ളവരെയാണ് ബൃന്ദ കാണാനെത്തിയത്. സ്‌നേഹസംഗമത്തിലെത്തിയ ഓരോരുത്തരുടെയും വാക്കുകൾക്ക് കാതോർത്ത ബൃന്ദ ആവശ്യങ്ങൾ കുറിച്ചെടുത്ത് മണിക്കൂറുകൾ ചെലവഴിച്ചു. എല്ലാം നഷ്‌ടമായവരുടെ ഉളളുലയ്‌ക്കുന്ന സങ്കടങ്ങൾ വിതുമ്പലായി ബൃന്ദയിലേക്കും പടർന്നു. സ്ഥിരം പുനരധിവാസത്തിലേക്ക് കടക്കുമ്പോൾ സഹായം ഉറപ്പാക്കാൻ സിപിഐ എം നേതൃത്വത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്. ഉരുളിൽ നഷ്‌ടമായെന്ന് കരുതി ദിവസങ്ങൾക്ക്‌ശേഷം ആശുപത്രിയിൽനിന്ന് കുടുംബത്തിന് തിരിച്ചുകിട്ടിയ അവ്യക്തിനെ സംഗമത്തിൽ പരിചയപ്പെട്ട ബൃന്ദ പരിക്കേറ്റ് കഴിയുന്ന അമ്മ രമ്യയെ കാണാൻ വാടക വീട്ടിലെത്തി. ഭർത്താവ് മഹേഷ്, മകൾ ആരാധ്യ, ഭർത്താവിന്റെ അച്ഛൻ വാസു, അമ്മ ഓമന എന്നിവരുൾപ്പെടെ നാലുപേരെ നഷ്‌ടമായ കുടുംബത്തിന്റെ ആവശ്യങ്ങളും നേതാക്കൾ ചോദിച്ചറിഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, സി എസ് സുജാത, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി, കെ എം ഫ്രാൻസിസ്, ബീനാ വിജൻ, രുഗ്‌മിണി സുബ്രഹ്മണ്യൻ, പി ആർ നിർമല എന്നിവരും കൂടെയുണ്ടായിരുന്നു. Read on deshabhimani.com