ചൂരിമല വീണ്ടും കടുവാ ഭീതിയിൽ



ബത്തേരി ചൂരിമല വീണ്ടും കടുവാ ഭീതിയിൽ. ബത്തേരി നഗരസഭയിൽ കൊളഗപ്പാറക്കടുത്ത ചൂരിമലയിൽ രണ്ട്‌  ദിവസം മുമ്പാണ്‌ കടുവയുടെ സാന്നിധ്യമുണ്ടായത്‌. വ്യാഴം പകൽ മൂന്നിന്‌ മേയാൻവിട്ട ചൂരിമലക്കുന്ന്‌ ഷേർളി കൃഷ്ണന്റെ പശുവിനെ കാടുവ കടിച്ച്‌ പരിക്കേൽപ്പിച്ചു.  കാലുകൾക്ക്‌ പരിക്കേറ്റ പശുവിന്റെ നില ഗുരുതരമാണ്‌. ബീനാച്ചി എസ്‌റ്റേറ്റിനോട്‌ ചേർന്ന ഭാഗമാണ്‌ ചൂരിമലക്കുന്ന്‌. ഇവിടെ മുമ്പും കടുവകളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.  രണ്ട്‌ കടുവകളെയും രണ്ട്‌ കരിമ്പുലികളെയും  ബീനാച്ചി എസ്‌റ്റേറ്റിനോട്‌ ചേർന്ന സ്ഥലങ്ങളിൽനിന്ന്‌ വനംവകുപ്പ്‌ കൂടുവച്ച്‌ പിടിക്കുകയും എസ്‌റ്റേറ്റ്‌ താവളമാക്കിയ മൂന്ന്‌ കടുവകളെ കാട്ടിലേക്ക്‌ തുരത്തുകയുംചെയ്‌തു.  മാസങ്ങൾക്ക്‌ ശേഷമാണ്‌ വീണ്ടും കടുവയുടെ സാന്നിധ്യം. ചെതലയം ഫോറസ്‌റ്റ്‌ റെയ്‌ഞ്ചിൽ ഉൾപ്പെടുന്ന പ്രദേശമാണിത്‌.  കടുവാ സാന്നിധ്യം വീണ്ടും ഉണ്ടായതോടെ ക്ഷീരകർഷകർ ഏറെയുള്ള പ്രദേശം ഭീതിയിലാണ്‌. സ്ഥലത്തെത്തിയ വനപാലകർ നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കും. Read on deshabhimani.com

Related News