മനസ്സുനിറച്ച്‌ നെല്ലാറച്ചാൽ

നെല്ലറച്ചാലിലെ സായാഹ്ന കാഴ്ച


കൽപ്പറ്റ  കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമായ നെല്ലാറച്ചാലിൽ വിനോദസഞ്ചാരികൾ നിറയുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ തീരവും അതിൽ തെളിയുന്ന അസ്തമയത്തിന്റെ മനോഹരദൃശ്യവും ആരെയും ആകർഷിക്കുന്നതാണ്. ജലശേഖരത്തെ കൂടുതൽ സുന്ദരിയാക്കുന്ന ആമ്പലുകളും പച്ചപ്പുൽമേടുകളും കൊട്ടത്തോണിയിലെ മീൻപിടിത്തവും മലനിരകളുടെ വിദൂരദൃശ്യവും ഹൃദ്യമായ കാഴ്ചയാണ്. സുന്ദരസായാഹ്നങ്ങളെ തേടി അയൽസംസ്ഥാനത്തുനിന്നടക്കം നിരവധി പേരാണ്‌ എത്തുന്നത്‌. കുന്നിൻപരപ്പുകളിലൂടെ നിരന്തരം വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ കാരാപ്പുഴയുടെ ഭംഗി ഒപ്പിയെടുത്ത് നടക്കാം. പ്രകൃതിഭംഗി ക്യാൻവാസിലാക്കി ചിത്രങ്ങളും വീഡിയോകളും എടുത്തും സമയം ചെലവഴിക്കാം. കല്യാണം, സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫിയുടെ പ്രധാനകേന്ദ്രമായും നെല്ലാറച്ചാൽ മാറുന്നുണ്ട്. കുന്നിൻമുകളിലെ ചെറിയ പാറക്കൂട്ടങ്ങളിലിരുന്ന് അസ്തമയം കാത്തിരിക്കുന്നവരും ഏറെ. ഊട്ടിയിലെ മൊട്ടക്കുന്നിന് സമാനമായ നെല്ലാറച്ചാലിന് സമീപത്തെ കുന്നിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.  സമൂഹമാധ്യമങ്ങളിലൂടെയാണ് കേന്ദ്രം ഹിറ്റായത്. ആവശ്യക്കാർക്ക് മത്സ്യങ്ങളെ വാങ്ങാനും സംവിധാനമുണ്ട്. ബോർഡിൽ സ്ഥാപിച്ച നമ്പറിൽ വിളിച്ചാൽ ഡാമിൽ കൃഷി ചെയ്യുന്ന ജീവനുള്ള മത്സ്യങ്ങളെ എത്തിച്ചുതരും. ജില്ലയിലെ ഔദ്യോഗിക ടൂറിസം കേന്ദ്രമല്ല നെല്ലാറച്ചാൽ. പെ‍ാലീസ് പരിശോധന  ശക്തമാണ്. ലഹരിവസ്തുക്കളുടെ ഉപയോഗമടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളുന്നതും ശിക്ഷാർഹമാണ്. അപകടസാധ്യതയുള്ളതിനാൽ ഡാമിലെ വെള്ളത്തിനടുത്തേക്ക് പോകാനും നിയന്ത്രണമുണ്ട്. Read on deshabhimani.com

Related News