അത്തം ഇന്ന് ഓണനാളുകളിലേക്ക്...
കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്ത ഓർമകളെ വകഞ്ഞ് നാട് ഓണനാളുകളിലേക്ക്. അത്തം പിറക്കുന്നതോടെ പൂവിളികൾ ഉയരും. പൂക്കളങ്ങൾ ഒരുങ്ങും. അതിജീവനത്തിന്റെ ഓണമാണ് ഇത്തവണ ജില്ലയിൽ. പതിവ് തെറ്റിക്കാതെ ഇത്തവണയും കർണാടകത്തിലെ ഗുണ്ടൽപ്പേട്ട്, മൈസൂരു ഭാഗങ്ങളിൽനിന്നുള്ള പൂക്കളെത്തും. വരുംദിവസങ്ങളിൽ പൂക്കടകൾ സജീവമാവും. ഓണ വിപണി ലക്ഷ്യമിട്ട് വാണിജ്യ സ്ഥാപനങ്ങളിലും ഒരുക്കമായി. ജീവനക്കാർക്കും തൊഴിലാളികൾക്കുമെല്ലാം ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുതുടങ്ങിയത് ഓണക്കാലത്തിന് ഉണർവേകും. ഓണത്തിന് മുമ്പുതന്നെ മൂന്നുമാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ സർക്കാർ വിതരണം ചെയ്യും. ഒരു മാസത്തെ പെൻഷൻ ഇതിനകം നൽകി. ജില്ലയിൽ 1,22,119 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കർഷക തൊഴിലാളികൾ എന്നിവരെല്ലാം പെൻഷൻ കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ്. കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ശനി ആരംഭിക്കും. ജില്ലയിൽ രണ്ട് ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 25 സഹകരണസംഘങ്ങളിലുമായി 27 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും ഓണച്ചന്തകളും വരുംദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും. ഓഫറുകൾക്ക് ക്ഷാമമില്ല ഓണക്കാലമായതോടെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം ഓഫറുകളുടെ പെരുമഴയാണ്. വിലക്കുറവിനൊപ്പം ആകർഷകമായ സമ്മാനങ്ങളുമൊരുക്കി വിപണി കൈയടക്കാനുള്ള ശ്രമത്തിലാണ് പ്രധാന സ്ഥാപനങ്ങളെല്ലാം. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം സമ്മാന കൂപ്പണുകളടക്കം നൽകുന്നുണ്ട്. ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വിലക്കിഴിവുമായാണ് വിൽപ്പന. വസ്‌ത്രശാലകൾ, ഇലക്ട്രോണിക്സ് കടകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയെല്ലാം വിപണി കീഴടക്കും. വിനോദ കേന്ദ്രങ്ങളും ഉണർന്നു ഉരുൾപൊട്ടലിനെ തുടർന്ന് ഇരുളടഞ്ഞ പ്രതീക്ഷകൾക്ക് ചിറകേകി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം തുറന്നു. ഓണക്കാലം ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ പ്രധാന വരുമാന സീസണാണ്. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച ഡിടിപിസിക്ക് കീഴിലുള്ളതടക്കം 11 കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത് സഞ്ചാരികൾക്കും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്കും ആശ്വാസമായി. പൂക്കോട് തടാകം, കർളാട് തടാകം, പഴശ്ശി ലാൻഡ് സ്‌കേപ്പ് മ്യൂസിയം പുൽപ്പള്ളി, ടൗൺ സ്‌ക്വയർ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയൽ, കാരാപ്പുഴ ഡാം, ബാണാസുര ഡാം, എടക്കൽ ഗുഹ, പഴശ്ശി പാർക്ക് മാനന്തവാടി, പ്രിയദർശിനി ടീ എൻവിറോൺസ് പഞ്ചാരകൊല്ലി എന്നിവയെല്ലാം പ്രവർത്തനം തുടങ്ങി. ഓണപ്പരീക്ഷ കഴിയുന്നതോടെ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സഞ്ചാരികൾ ജില്ലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ 7 മുതൽ ബത്തേരി സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ ശനി മുതൽ ബത്തേരിയിൽ നടക്കും. ഏഴുദിവസം നീളുന്ന ഫെയർ ഐസക് സ്‌ക്വയറിൽ പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്യും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. Read on deshabhimani.com