കുഴിയെണ്ണി മടുക്കും മാനന്തവാടി ബൈപാസിൽ ദുർഘട യാത്ര

തകർന്ന മാനന്തവാടി ബൈപാസ് റോഡ്‌


മാനന്തവാടി നടുവൊടിച്ച്‌ മാനന്തവാടി ബൈപാസ്‌ യാത്ര. നഗരസഭയുടെ അധീനതയിലുള്ള വള്ളിയൂർക്കാവ്–-എരുമത്തെരുവ്‌ ബൈപാസ് തകർന്നിട്ട്‌ കാലങ്ങളായിട്ടും നഗരസഭാധികൃതരുടെ മാത്രം കണ്ണ്‌ തുറന്നിട്ടില്ല.  നടുവൊടിയാതെ കടന്നുപോകാനാകില്ല.  എങ്ങും പാതാളക്കുഴികൾ മാത്രം. എരുമത്തെരുവ് മത്സ്യമാർക്കറ്റ് പരിസരത്തുനിന്നാരംഭിച്ച് ചെറ്റപ്പാലംവഴി വള്ളിയൂർക്കാവ് ക്ഷേത്രംവരെയുള്ള റോഡാണിത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലെ പോകുന്നത്.  മഴയിൽ കുഴികളിൽ വെള്ളം കെട്ടിനിന്ന്‌ അപകടം പതിവാണ്‌.  കുഴികളിൽവീണ് വാഹനങ്ങൾക്ക് കേടുപാട്‌ സംഭവിക്കുകയാണ്‌.  ഇരുചക്ര വാഹനയാത്രികരിൽ പലരും തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെടുന്നത്‌. രണ്ട് തവണ നാട്ടുകാർ ചേർന്ന് ശ്രമദാനമായി കുഴികളടച്ചിരുന്നു. ഈ പരിഗണനപോലും നഗരസഭ നൽകുന്നില്ല.  തലശേരി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് നഗരം ചുറ്റാതെ  മൈസൂരു, കൽപ്പറ്റ ഭാഗങ്ങളിലേക്ക് ഈ പാതയിലൂടെ സഞ്ചരിക്കാനാവും.  തീർഥാടന കേന്ദ്രങ്ങളായ തിരുനെല്ലി, വള്ളിയൂർക്കാവ് ക്ഷേത്രങ്ങളെയും  ബന്ധിപ്പിക്കും. നഗരത്തിൽ  ഗതാഗത തടസ്സങ്ങളുണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നതും ഈ വഴിയാണ്.   മൈസൂരു റോഡും കൊയിലേരി റോഡും സംസ്ഥാന സർക്കാർ മികച്ച രീതിയിൽ നവീകരിച്ചതാണ്‌. ഈ റോഡുകളിലേക്ക്‌ എളുപ്പത്തിൽ എത്താനാകും.  റോഡിന്റെ ശോചീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കൂടുതൽ ശക്തമായ സമരങ്ങളിലേക്ക്‌ നീങ്ങാനാണ്‌ തീരുമാനം.  Read on deshabhimani.com

Related News