കരുതലുകൾ കൂട്ടിച്ചേർത്ത ലക്ഷങ്ങൾ ദുരിതബാധിതർക്കായി ഡിവൈഎഫ്‌ഐ 61.6 ലക്ഷം കൈമാറി

ദുരിതബാധിതർക്ക്‌ വീടൊരുക്കാൻ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സ്വരൂപിച്ച 61.6 ലക്ഷം രൂപയുടെ ചെക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ജില്ലാ ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങുന്നു


  കൽപ്പറ്റ കുരുന്നുകൾ ഹൃദയപൂർവം നൽകിയ സമ്പാദ്യക്കുടുക്ക മുതൽ ആക്രി പെറുക്കിവിറ്റ യുവതയുടെ അധ്വാനത്തിന്റെ പ്രതിഫലംവരെ.  മുണ്ടക്കൈ ദുരിതബാധിതർക്ക്‌ വീടൊരുക്കാൻ വയനാട്‌ ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്വരുക്കൂട്ടിയ 61,61,616 രൂപ സംസ്ഥാന കമ്മിറ്റിക്ക്‌ കൈമാറി. ഉരുൾപൊട്ടിയൊഴുകിയ അർധരാത്രി ചൂരൽമലകയറിയ പ്രവർത്തകർ ഇന്നും മുണ്ടക്കൈയിലും ചൂരൽമലയിലും സന്നദ്ധപ്രവർത്തനം തുടരുന്നതിനു പുറമെയാണ്‌ കരുതലുകൾകൂട്ടിചേർത്ത ലക്ഷങ്ങൾ കൈമാറിയത്‌.   കുലിപ്പണിയെടുത്തും ബിരിയാണി, പായസം, അച്ചാർ, മുണ്ട്‌ തുടങ്ങിയവ വിൽപ്പന നടത്തിയുമെല്ലാം തുക കണ്ടെത്തി. 65 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലാകെയുള്ള 600 യൂണിറ്റുകളിൽ ക്യാമ്പയിനുകൾ നടന്നു. വിവാഹ ആഘോഷങ്ങൾ ചുരുക്കിയും അധികസമയം ജോലിചെയ്‌തുമെല്ലാം പണം കൈമാറി പ്രവർത്തകർ മാതൃകയായി.   ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ഓഫീസായ പി ബിജു സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാരവാഹികളിൽനിന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ചെക്ക്‌ ഏറ്റുവാങ്ങി.  ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ്‌, ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു എന്നിവർ സംസാരിച്ചു. ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ്‌ നഷ്‌ടമായ ചൂരൽമല സ്വദേശി അനീഷിന്‌ ജീപ്പ്‌ വാങ്ങിനൽകിയും ഡിവൈഎഫ്‌ഐ മാതൃകയായിരുന്നു. Read on deshabhimani.com

Related News