പുഴ പുനരുജ്ജീവനം:
പരിശോധന തുടങ്ങി

ചൂരൽമല പുഴ പുനരുജ്ജീവിപ്പിക്കാൻ കർമപദ്ധതി തയ്യാറാക്കാൻ നിയോഗിച്ച സംഘം ഉരുൾശപാട്ടൽ പ്രഭവകേന്ദ്രത്തിന്‌ സമീപം പരിശോധന നടത്തുന്നു


ചൂരൽമല ഉരുൾപൊട്ടലിൽ കെട്ടിടാശിഷ്‌ടവും മണ്ണും പാറയും നിറഞ്ഞ ചൂരൽമല പുഴയെ(പുന്നപ്പുഴ) പുനരുജ്ജീവിപ്പിക്കാൻ കർമപദ്ധതി തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന തുടങ്ങി. കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട്‌ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ വി സന്ദീപ്‌ ചെയർപേഴ്‌സണായ ഒമ്പതംഗ സമിതി ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പുഴയുടെ നിലവിലെ അവസ്ഥയും  പ്രശ്‌നങ്ങളും പഠിക്കാനും പരിഹാര  നിർദേശത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ സമിതിയാണ്‌ പ്രത്യേക സമിതിയെ നിശ്ചയിച്ചത്‌.  ഉരുൾ പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലെത്തി വ്യാഴാഴ്ച പരിശോധിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ്‌ പഠനവും പരിശോധനയും. വരുംദിവസങ്ങളിൽ പുഴയുടെ എല്ലാഭാഗങ്ങളിലുമെത്തും. ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന രീതിയിൽ പുഴയിലും കൈവഴികളിലുമായി  അടിഞ്ഞുകൂടിയ  പാറകൾ, ഉരുളൻ കല്ലുകൾ, അവശിഷ്‌ടം എന്നിവ കണ്ടെത്തി ഒഴിവാക്കേണ്ടതെങ്ങനെയെന്ന മാർഗനിർദേശം നൽകും. മണ്ണൊലിപ്പ്‌ തടയുന്നതിനായി  ഇവ ഉപയോഗിച്ച്‌ പുഴയുടെ ഓരം ബലപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.    ഉരുൾപൊട്ടൽ ബാധിച്ച നദീ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്‌ പ്രകൃതിസൗഹാർദപരമായ ഇടപെടലാണ്‌ ആവിഷ്‌ക്കരിക്കുക. ഉരുൾപൊട്ടൽ എത്രമാത്രം നദിയെ ദോഷകരമായി ബാധിച്ചു എന്നതിന്റെ റിപ്പോർട്ടും തയ്യാറാക്കും. 25ന്‌ അകം സംസ്ഥാന ദുരന്ത നിവാരണ സമിതിക്ക്‌‌ സംഘം റിപ്പോർട്ട്‌ നൽകും. Read on deshabhimani.com

Related News