ജീവിതം തിരികെ പിടിക്കാൻ ചൂരൽമല; ഒരുകട കൂടി തുറന്നു
ചൂരൽമല ദുരന്തം അതിജീവിക്കാൻ ചൂരൽമലയിൽ കൂടുതൽ ‘സ്നേഹക്കട’കളുടെ ഷട്ടർ ഉയരുന്നു. വില്ലേജ് ഓഫീസ് ജങ്ഷനിൽ ജി സുനിലിന്റെ എംആർജി സ്‌റ്റോർ വെള്ളിയാഴ്‌ച തുറന്നു. നേരത്തെ ചൂരൽമല അങ്ങാടിയിലായിരുന്നു പലചരക്ക് കടയായ എംആർജി സ്‌റ്റോർ പ്രവർത്തിച്ചിരുന്നത്. ഉരുളിൽ കട പൂർണമായും തകർന്നു. കായംകുളത്തെ സ്വകാര്യസ്ഥാപനത്തിന്റെ സഹായത്തോടെയാണ് വില്ലേജ് ഓഫീസ് റോഡ് ജങ്‌ഷനിൽ വാടകമുറിയിൽ കടതുറന്നത്. സുനിലിന്റെ കുടുംബത്തിന്റെ ഉപജീവനമാർഗം പ്രതിസന്ധിയിലായത് മനസ്സിലാക്കിയായിരുന്നു ഇവരുടെ സഹായഹസ്‌തം. കട ഉദ്‌ഘാടനത്തിന് പഴയ വില്ലേജ് റോഡ്, കൊയനാക്കുളം എന്നിവിടങ്ങളിൽനിന്നെല്ലാം ആളുകളെത്തി. ദുരന്തത്തിൽനിന്ന് നാട് ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ആഹാദത്തിലാണ് എല്ലാവരും. ‘നേരത്തെ ഉണ്ടായിരുന്ന സ്‌റ്റോർ ഉരുൾപൊട്ടലിൽ പൂർണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പുതിയ കട തുറക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്’–-സുനിൽ പറഞ്ഞു. കഴിഞ്ഞ മൂന്നിന് രണ്ട് കടകൾ ചൂരൽമലയിൽ തുറന്നിരുന്നു. പടിഞ്ഞാറയിൽ ബഷീറിന്റെ ബിസ്‌മി മെസ്സും മുഹമ്മദാലിയുടെ പറമ്പാടൻ വെജിറ്റബിൾസും. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 74 വ്യാപാരസ്ഥാപനങ്ങൾക്കാണ് നാശനഷ്‌ടമുണ്ടായത്. മുണ്ടക്കൈയിൽ ആകെയുണ്ടായിരുന്ന 16 കടകളും ചൂരൽമലയിലെ നാലുകടകളും പൂർണമായും ഇല്ലാതായി. ഏഴ് വ്യാപാരികളെയും ദുരന്തമെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ കടകൾ തുറക്കും. ശുചീകരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും നടക്കുകയാണ്. Read on deshabhimani.com